ആലുവ: ചാലക്കൽ മോസ്‌കോ കവലയിൽ കോൺഗ്രസിന്റെ കൊടിമരം സ്ഥാപിക്കാനെത്തിയ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ചാലക്കൽ സ്വദേശികളായ വാരിക്കാട്ടുകുടി ഫസൽ, തോട്ടത്തിൽ കോട്ടപ്പുറത്ത് താഹിർ, കുഴിക്കാട്ട് മാലി ഷമീർ, കരിങ്ങാലിപുരയിടം സുൽഫിക്കർ, ഷംനാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി യാക്കൂബിന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.
അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. മുജീബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, സിറാജ് ചേനക്കര എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.