മൂവാറ്റുപുഴ: നഗര സൗന്ദര്യവത്കരണത്തിന് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് മൂവാറ്റുപുഴ നഗരസഭയിലെ പതിനാലാം വാർഡിലെ കൗൺസിലർ ജോയ്സ് മേരി. ജനകീയകൂട്ടായ്മ നമ്മുടെ വാർഡിനൊപ്പം കൈകോർത്ത് എന്ന ജനകീയ പദ്ധതിയിലൂടേയാണ് നഗരസൗന്ദര്യവത്കരണം. പദ്ധതിയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാട്ട് എന്നിവർ സംസാരിച്ചു. മാലിന്യം നഗരത്തിന്റെ പ്രശ്നമായി മാറുമ്പോൾ പതിനാലാം വാർഡ് മാലിന്യമുക്ത വാർഡാക്കി മാറ്റുന്നതിനൊപ്പം സൗന്ദര്യ വത്കരണത്തിന് പ്രാധാന്യം കൊടുത്ത് വാർഡിനെ മാലിന്യമുക്തമാക്കും. വാർഡിലെ ജനങ്ങളുടെ കൂട്ടായ്മയിൽ വാർഡിൽ തുടർച്ചയായി ശുചീകരണ പ്രവർത്തനം നടത്തും. നിയമവിരുദ്ധമായിട്ടുള്ള മാലിന്യക്കൂമ്പാരങ്ങൾ നീക്കംചെയ്ത് അവിടെ പൂച്ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും. വാർഡിന്റെ തുടക്കമായ നിർമല കോളേജ് ജംഗ്ഷൻ മുതൽ ലതാ തീയേറ്റർ പടിവരെ നൂറിലധികം പൂച്ചെടികളാണ് ജനകീയ കൂട്ടായ്മയിൽ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. ഓരോ പ്രദേശത്തുള്ള ചെടികൾചട്ടികൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അതാത് പ്രദേശങ്ങളിലെ താമസക്കാർ ഏറ്റെടുക്കുമെന്നും അതിനപ്പുറമുള്ള സംരക്ഷണം നഗരസഭ ഏറ്റെടുത്തു നടത്തുമെന്നും ജോയ്‌സ് മേരി ആന്റണി പറഞ്ഞു. ജനകീയ കൂട്ടായ്മക്ക് ചെറിയാൻ മാതേയ്ക്കൽ, വിൽസൺ മാത്യു, സജി ചാത്തങ്കണ്ടം, അഷ്റഫ്, സബൂറ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.