tulasi

ഏലൂർ: വിശാലമായ വളപ്പിൽ നിറഞ്ഞുനിൽക്കുന്ന ഏലൂർ കിഴക്ക് തുളസി ഭവനം. കിഴക്കുംഭാഗത്തെ ആദ്യ ഇരുനില വീട്, പഞ്ചായത്തിലെ രണ്ടാമത്തേതും. ഇപ്പോൾ ക്ഷയിച്ച മട്ടിൽ നിൽക്കുന്ന 6 മുറികളുള്ള തുളസി ഭവനത്തിന് പറയാനുള്ളത് വീട് നിൽക്കുന്ന 14 സെന്റ് ഭൂമി വാങ്ങിയ കൗതുകകഥയാണ്.

തിരുവനന്തപുരം പാളയം സ്വദേശിയായ കെ.രാജഗോപാൽ 1944 ൽ ഫാക്ടിൽ നിയമനം ലഭിച്ചതിനെ തുടർന്നാണ് നാഗർകോവിൽ സ്വദേശിയായ സീതാലക്ഷ്മിയെ വിവാഹം ചെയ്ത് ഏലൂരിൽ സ്ഥിരതാമസമാകുന്നത്. സെന്റിന് 45 രൂപയാണ് അന്ന് ഭൂമിക്ക് വില. സ്വർണ്ണത്തിനാകട്ടെ പവന് 57 രൂപ വില. തുകയ്ക്ക് തുല്യമായ സ്വർണ്ണം കൊടുത്താണ് 14 സെന്റ് സ്ഥലം വാങ്ങിയത്. അക്കാലത്ത് അയൽപക്കക്കാർ കല്യാണം പോലുള്ള വിശേഷ ദിവസങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ സീതാലക്ഷ്മിയുടെ സ്വർണ്ണം മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങി ധരിക്കുമായിരുന്നു. ആ ആഭരണങ്ങളാണ് ഭൂമി വാങ്ങാനെടുത്തത്. കൊടുത്ത സ്വർണ്ണം ആലുവയിലെ സ്വാമി ആൻഡ് കോ. യിൽ മാറ്റ് നോക്കിയപ്പോൾ നല്ല കട്ട ഉരുപ്പടിയാണെന്ന് കണ്ട് 60 രൂപയാണ് നൽകിയത്.

മിടുക്കനായ സാങ്കേതികവിദഗ്ദ്ധൻ

ഐ.ടി.ഐ. ഇല്ലാത്ത കാലമായതിനാൽ പി.ഡബ്ളിയു.ഡി. വർക്ക്ഷോപ്പിൽ നിന്ന് ജോലി പഠിച്ചാണ് ശേഷ സായി സഹോദരന്മാരുടെ കാലത്ത് ടർണറായി കെ. രാജഗോപാൽ ഫാക്ടിൽ എത്തുന്നത്. ആലുവ മാർത്താണ്ഡവർമ്മ പാലം, കളമശേരി എച്ച്.എം.ടി.കമ്പനിയിൽ ലെയ്ത്ത് മെഷീൻ തുടങ്ങിയ സുപ്രധാന ജോലികളിൽ രാജഗോപാൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ മുൻവശം മൂക്കു പോലെയിരിക്കുന്ന ആദ്യ മോഡൽ ബസ് നിർമ്മിച്ചു നൽകി പാരിതോഷികം ലഭിച്ചിട്ടുണ്ട്. മിടുമിടുക്കനായ സാങ്കേതിക വിദഗ്ധനായിരുന്നു. കരം അടച്ചവർക്ക് മാത്രം വോട്ടവകാശമുണ്ടായിരുന്ന കാലത്ത് വോട്ടവകാശമുള്ള കുടുംബമായിരുന്നു രാജഗോപാലിന്റേത്. ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാളായിരുന്ന ഓലപ്പാ പിള്ള ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ്.

വീടിന് പ്രത്യേകതകൾ നിരവധി

നാഗർകോവിലിൽ നിന്ന് കൊണ്ടുവന്ന കരിമ്പന കൊണ്ട് മേൽക്കൂരയും പ്ലാവിൻ തടികൊണ്ട് വാതിലും ജനലും! വീടിനുള്ള ഓട് കൊണ്ടുവന്നതും നാഗർകോവിലിൽ നിന്നാണ്. തറയിലെ മൊസൈക്കിൽ എസ്.എസ്. തരികൾ ചേർത്താണ് നിർമ്മാണം. ഓടാമ്പലും എസ്.എസ് തന്നെ. രാജഗോപാൽ സ്വയം തയ്യാറാക്കിയത്. തുളസി ഭവനത്തിൽ ഇപ്പോൾ മൂത്ത പുത്രനായ ബാലസുബ്രമണ്യനും കുടുംബവുമാണ് താമസം. അച്ഛൻ പണിതതു കൊണ്ടു തന്നെ വീടിന് മാറ്റം വരുത്താൻ മക്കൾക്ക് താൽപര്യമില്ലായിരുന്നു. മറ്റ് മക്കൾ രഞ്ജൻ, ഈശ്വര പിള്ള, കൃഷ്ണമൂർത്തി, ഗോമതി അമ്മ.