crim-branch

കൊച്ചി: ആദ്യം ഇലക്ഷൻ ഡ്യൂട്ടി. പിന്നാലെ കൊവിഡ് പ്രതിരോധ ചുമതല. ജീവനക്കാർ മുഴുവനും ഇത്തരം ഡ്യൂട്ടിലേക്ക് നിയോഗിക്കപ്പെട്ടതോടെ സംസ്ഥാത്തെ ക്രൈം ബ്രാഞ്ച് യൂണിറ്റുകളുടെ പ്രവർത്തനം താളം തെറ്റി. സുപ്രധാനമായവയടക്കം ആയിരക്കണക്കിന് കേസുകളാണ് ക്രൈം ബ്രാഞ്ച് കൈകാര്യം ചെയ്യുന്നത്. ഉദ്യോഗസ്ഥരെല്ലാം കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാൽ അന്വേഷങ്ങളെല്ലാം വഴിമുട്ടിയിരിക്കുകയാണ്. ആളില്ലാതെ വന്നതോടെ ഹെഡ് ക്വാർട്ടേഴ്‌സിലേതുൾപ്പടെ ദൈനംദിന ജോലികൾ പോലും തടസപ്പെട്ടു. വേണ്ടത്ര അംഗബലമില്ലാത്തതിനാൽ ക്രൈം ബ്രാഞ്ചിലെ കേസ് അന്വേഷണങ്ങൾ ഇഴയുന്നെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് കൊവിഡ് ഡ്യൂട്ടിക്കായി മുഴുവൻ പേരെയും നിയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡ്യൂട്ടി പുനക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കണം എന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ആവശ്യം.


നീളുന്ന ഡ്യൂട്ടി
വോട്ടെണ്ണൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ക്രൈം ബ്രാഞ്ചുകാർക്ക് ആദ്യം ഈ മാസം 16 വരെയാണ് കൊവിഡ് ഡ്യൂട്ടി നൽകിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ നീട്ടിയമുറയ്ക്ക് ഇവരുടെ ഡ്യൂട്ടിയും നീട്ടുകയായിരുന്നു. നിലവിൽ നാളെ വരെയാണ് ഡ്യൂട്ടി നീട്ടിയിരിക്കുന്നത്. തുടർച്ചയായി 25 ദിവസത്തോളമായി ഇങ്ങനെ ഡ്യൂട്ടി ചെയ്യുന്നു. ഇതോടെ ദൈനംദിന ജോലികൾ ചെയ്യാൻപോലും ക്രൈം ബ്രാഞ്ചിൽ ആളില്ലാത്ത അവസ്ഥയായി. അടുത്തകാലത്ത് സർക്കാർ ഏൽപിച്ച ഏറെ വിവാദവും പ്രമാദവുമായ കേസുകളുടെ അന്വേഷണവും ഇതിനിടെ പ്രതിസന്ധിയിലായി. കൊവിഡ് ഡ്യൂട്ടിയിലുള്ളവർ തിരികെയെത്തിയിട്ടു വേണം അന്വേഷണങ്ങൾ പുനരാരംഭിക്കാൻ. അതേസമയം ഇലക്ഷനെ തുട‌ർന്ന് സ്ഥലം മാറിയത്തിയ ഉദ്യോഗസ്ഥ‌ർ അടുത്തു തന്നെ തിരിച്ച് പോകും.ഇവർ ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോ‌ർട്ട് ഇതിന് മുമ്പ് സമ‌‌ർപ്പിക്കണം.പലരും അധിക സമയം ജോലിയെടുത്താണ് ഇതു തയ്യാറാക്കുന്നത്.

ഡ്യൂട്ടി ക്രമീകരിക്കണം
കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ഇതുവരെ സംസ്ഥാനത്ത് ആയിരത്തി അഞ്ഞൂറോളം പൊലിസുകാർ കൊവിഡ് പോസിറ്റിവായി. ആയിരത്തോളം പൊലിസുകാർ ക്വാറന്റൈനിലുമാണ്. ഈ സാഹചര്യത്തിൽ വിജിലൻസ് അടക്കമുള്ള മറ്റ് സ്‌പെഷൽ അന്വേഷണ വിഭാഗങ്ങൾക്ക് കൂടി കൊവിഡ് ഡ്യൂട്ടി നൽകി തങ്ങളുടെ ഡ്യൂട്ടി പുനക്രമീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ക്രൈം ബ്രാഞ്ചിനെ പ്രവർത്തനക്ഷമമാക്കാനുള്ള നടപടിയും ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ട്.