കിഴക്കമ്പലം: ദുരിതം പേറിയുള്ള ജീവിതത്തിനിടയിൽ വാക്‌സിൻ ചലഞ്ചിൽ പങ്കാളിയായ പത്മാക്ഷിക്ക് കൈത്താങ്ങായി എം.എൽ.എയുടെ സഹായ ഹസ്തം. വാഴക്കുളം,വടക്കേ എഴിപ്രം മുള്ളൻകുന്ന് മുണ്ടക്കക്കുറ്റി കുഞ്ഞൻപിള്ളയുടെ ഭാര്യ പത്മാക്ഷി എന്ന തൊഴിലുറപ്പ് തൊഴിലാളിയാണ് വാക്‌സിൻ ചലഞ്ചിലേക്ക് 10,000 രൂപ നൽകിയത്. തുക വാങ്ങാനായി ഇവരുടെ വീട്ടിലെത്തിയ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ സ്ഥലത്തെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുരിതാവസ്ഥ മനസിലാക്കുന്നത്. വാക്‌സിൻ ചലഞ്ചിലേക്ക് നൽകിയ തുക ഏറ്റുവാങ്ങിയ ശേഷം തന്റെ അക്കൗണ്ടിൽ നിന്നും താത്കാലീകാശ്വാസമായി കുറച്ച് പണം ഇവർക്ക് കൈമാറി. തൊഴിലുറപ്പിൽ നിന്നും ഭർത്താവിന്റെ ലോട്ടറി വില്പനയിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് ഇവരുടെ കുടുംബം കഴിയുന്നത്. ലോക്ക് ഡൗൺ കാലത്ത് ലോട്ടറി തൊഴിലിൽ വരുമാനമില്ലാത്തതും കുറച്ച് ദിവസം മാത്രം ലഭിച്ച തൊഴിലുറപ്പിലെ കൂലി വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറാനായി കാണിച്ച സൗമനസ്യത്തിനുമാണ് തന്റെ എളിയ സംഭാവനയെന്നും ശ്രീനിജിൻ പറഞ്ഞു. വാഴക്കുളം പഞ്ചായത്തംഗങ്ങളായ ഫസീല ഷംനാദ്, വിനിത ഷിജു, കെ.പി. അശോകൻ, വി.എം. ഷംനാദ്, വി.പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.