പിറവം: നിലം പൊത്താറായി പിറവത്തെ പൊലീസ് ക്വാർട്ടേഴ്സ്.ഓട് മേഞ്ഞ കെട്ടിടങ്ങളിൽ ചോർച്ചമൂലം പട്ടികകൾ,കഴുക്കോൽ എന്നിവ ചിതലെടുത്ത് ഏത് സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിട്ട് വർഷങ്ങളായി. പിറവം സർക്കിൾ ഓഫീസിന്റെ പിറകിലുള്ള രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് രണ്ടു മുറികളും അടുക്കളയുമുള്ള കെട്ടിടങ്ങളുള്ളത്. സർക്കിൾ സ്റ്റേഷൻ നിലവിൽ വന്നപ്പോൾ 13 കെട്ടിടങ്ങളാണ് ക്വാർട്ടേഴ്‌സ് ആവശ്യങ്ങൾക്കായി നിർമ്മിച്ചത്. പിന്നീട് അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പലതും ജീർണാവസ്ഥയിലായി. ക്വാർട്ടേഴ്‌സിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പൊതുമരാമത്ത് തയ്യാറാകാത്തതിൽ ജീവനക്കാർക്ക് കടുത്ത അമർഷമുണ്ട്.ഇപ്പോൾ പൊലീസുകാർ താമസിക്കുന്ന കെട്ടിടങ്ങളും ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഇതുമൂലം പിറവം പൊലീസുകാരിൽ പലരും വാടക വീടുകളിലാണ് താമസിക്കുന്നത്.നിലവിൽ രണ്ടു ക്വാർട്ടേഴ്‌സുകളിൽ മാത്രമേ താമസക്കാരൊള്ളു.അവർ സ്വന്തം കൈയിൽ നിന്നും മുപ്പതിനായിരം രൂപയോളം അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചിട്ടാണ് താമസം. പത്തുവർഷത്തോളമായി ഇവിടെ താമസിക്കുന്നവരുമുണ്ട്.സർക്കിൾ ഇൻസ്‌പെക്ടറും സ്റ്റാഫും എസ്.ഐയും ഉൾപ്പെടെ അൻപതിലേറെ പൊലീസുകാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നേരത്തെ കൂത്താട്ടുകുളം, മുളന്തുരുത്തി,ചോറ്റാനിക്കര എന്നീ സ്റ്റേഷനുകൾ ഉൾപ്പെടുന്നതായിരുന്നു പിറവം സർക്കിൾ ഓഫീസ്.
നടപടിയില്ല
നിരവധി തവണ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും അധികാരപ്പെട്ടവർ കണ്ടില്ലെന്നു നടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
ക്വാർട്ടേഴ്‌സിന് ചുറ്റിനും ജീർണിച്ചതും ഉണങ്ങി തുടങ്ങിയതുമായ ഏതുനിമിഷവും വീഴാവുന്ന കൂറ്റൻ മരങ്ങളാണ്. മരം മുറിച്ചുമാറ്റുന്ന കാര്യം അന്വേഷിക്കാനായി എത്തിയവർ സ്ഥലം കണ്ടു പോയതല്ലാതെ ഇതുവരെ മറ്റു നടപടികൾ ഒന്നുമുണ്ടായില്ല.