കളമശേരി: ഏലൂർ നഗരസഭയിൽ മുൻ നിശ്ചയപ്രകാരം ത്രിദിന ശുചീകരണ പ്രവർത്തനങ്ങൾ സമാപിച്ചു. വീടുകൾതോറും ശുചീകരണം പൂർത്തിയാക്കി അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി. ഡ്രൈഡേദിനം തുടർപ്രക്രിയയാക്കി എലിപ്പനി, ഡെങ്കിപ്പനി എന്നിവയെ അകറ്റിനിർത്തുമെന്ന് ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.
കൗൺസിൽകൂടി 20 വീടുകൾക്ക് ഒരു ടീം എന്ന നിലയിൽ കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ടീം രൂപീകരിച്ചിരുന്നു. എല്ലാ വാർഡിലും ശുചിത്വ സമിതികൾ വിളിച്ചുചേർത്ത് തയ്യാറെടുപ്പുകൾ നടത്തി. നോട്ടീസ് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി എല്ലാ വീടുകളിലും എത്തിച്ചു. നഗരസഭാ പരിധിയിൽ എല്ലാ സ്ഥാപനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ പ്രത്യേകം കത്തുനൽകി. സ്കൂൾ ജീവനക്കാരെയും പങ്കാളികളാക്കാൻ തീരുമാനിച്ചു. കുട്ടികൾക്ക് ഓൺലൈൻ ബോധവത്കരണം നടത്തി. നഗരസഭാ പരിധിയിൽ മൈക്ക് അനൗൺസ് മെന്റ് നടത്തി. പരിസ്ഥിതി ദിനത്തിൽ നടാനായി വൃക്ഷത്തൈകൾ എത്തിച്ചുനൽകി. ശുചീകരണത്തിന് ആവശ്യമായ കുമ്മായം, ബ്ലീച്ച് എന്നിവ എല്ലാ വാർഡിലും നൽകി.