കോലഞ്ചേരി: ഉള്ളവർ പോലും ഇല്ലെന്ന് പറയുന്നു. പുതിയ മൊബൈലും ടിവിയും ലഭിക്കാനായി പറയുന്നത് ഓരോരോ കാരണങ്ങൾ. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാത്തവരെ കണ്ടെത്താൻ സ്‌കൂൾതലത്തിൽ തുടങ്ങിയ കണക്കെടുപ്പിൽ ആശയക്കുഴപ്പം. നേരത്തേ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നവർപോലും ഫോണും ഇന്റർനെ​റ്റ് സൗകര്യവുമില്ല എന്ന വിവരം നൽകിത്തുടങ്ങിയപ്പോഴാണ് അദ്ധ്യാപകർ പ്രതിസന്ധിയിലായത്. വിവരം അടിയന്തരമായി നൽകാനാണ് നിർദ്ദേശം. ഇതിനായി ഓരോ സ്‌കൂളിലെയും അദ്ധ്യാപകരിൽ നിന്ന് നോഡൽ ഓഫിസർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. അതാത് ക്ലാസ് ടീച്ചർമാർ ശേഖരിക്കുന്ന വിവരം നോഡൽ ഓഫിസർമാർ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.

 അർഹർക്കും സഹായംകിട്ടാതാകുമോ

സൗകര്യങ്ങൾ ഉണ്ടായിട്ടും ഇല്ലെന്ന് ചില രക്ഷിതാക്കൾ പറയുമ്പോൾ അർഹതയുള്ളവർക്കു ലഭിക്കേണ്ട സഹായങ്ങൾ കൂടി നഷ്ടമാകാൻ സാദ്ധ്യതയുണ്ട്. ഫോണോ ടിവിയോ ഉണ്ടോയെന്ന് വീട്ടിൽച്ചെന്ന് പരിശോധിക്കാനും കൊവിഡ് കാലമായതിനാൽ സാധിക്കില്ല. കഴിഞ്ഞദിവസം ടിവി കേടായിപ്പോയി, മൊബൈൽഫോൺ താഴെവീണ് പൊട്ടി എന്നൊക്കെയാണ് പല രക്ഷിതാക്കളും പറയുന്നതെന്ന് ഒരു അദ്ധ്യാപകൻ പറയുന്നു. സർക്കാരിൽ നിന്ന് സൗജന്യമായി ഫോൺ ലഭിക്കുമെന്ന തെ​റ്റിദ്ധാരണ മൂലമാണ് പലരും തെ​റ്റായവിവരം നൽകുന്നത്. എന്നാൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് പി.ടി.എ വഴിയും സന്നദ്ധസംഘടനകൾ വഴിയും സഹായമെത്തിക്കാനാണ് ശ്രമം. ബന്ധുക്കളുടെ ഫോൺ ഉപയോഗിച്ചാണ് മിക്ക കുട്ടികളും പഠിക്കുന്നത്. അവർ ജോലിക്ക് പോകുമ്പോൾ ക്‌ളാസ് കേൾക്കാൻ മ​റ്റു മാർഗമില്ലെന്നാണ് കുട്ടികൾ ചൂണ്ടിക്കാണിക്കുന്നത്.ടിവി, ഫോൺ, ഇന്റർനെ​റ്റ് സൗകര്യം എന്നിവയുണ്ടോ എന്നു കുട്ടികളിൽ നിന്നു വിവരം ശേഖരിക്കാൻ നിർദേശം നൽകിയതല്ലാതെ മ​റ്റു മാനദണ്ഡങ്ങളൊന്നും നൽകാതിരുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചെന്നും അദ്ധ്യാപകർ പറയുന്നു