കൊച്ചി: കറുകുറ്രി ലഹരിവേട്ടക്കേസിലെ പ്രതികളായ ആബിദും (33), ശിവപ്രസാദും (29) മയക്കുമരുന്ന് വാങ്ങാൻ ലോക്ക്ഡൗൺ കാലയളവിൽ സമാഹരിച്ചത് 13 ലക്ഷം രൂപ. ലഹരി ഇടപാടിൽ നിന്നു മിച്ചം വച്ച തുകയ്ക്ക് പുറമേ സുഹൃത്തുക്കളിൽ നിന്നെല്ലാം ഇതിനായി പണം വാങ്ങി. ചെറുകിട വില്പനയിലൂടെ ഏകദേശം 75 ലക്ഷം രൂപ സ്വന്തമാക്കാമെന്ന് കണക്കുകൂട്ടിയായിരുന്നു ഇത്രയും തുക സമാഹരിച്ചത്. ലോക്ക്ഡൗണിൽ മദ്യത്തിന്റെ ലഭ്യത കുറയുകയും യുവാക്കളടക്കം മയക്കുമരുന്ന് ലഹരിയിലേക്ക് തിരിയുകയും ചെയ്തതു മുതലെടുക്കുകയായിരുന്നു ലക്ഷ്യം. പണം നൽകിയവർക്ക് കേസുമായി ബന്ധമുണ്ടോയെന്ന് ആന്വേഷിക്കുന്നുണ്ട്.

പ്രതികൾ നിരവധി തവണ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ചെന്നൈയിലേക്ക് പൈനാപ്പിളുമായി പോയി മടങ്ങിവരുമ്പോൾ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായിരുന്നു ഇവരുടെ രീതി. തുടക്കത്തിൽ പത്തും അമ്പതും ഗ്രാം വീതംകൊണ്ടു വന്നു. പിന്നീട് അളവ് കൂട്ടി. കടത്ത് കൂടുതൽ അളവിലേക്ക് മാറ്റിയ ആദ്യ ശ്രമത്തിലാണ് പിടിവീണത്. ഇവ‌ർക്ക് ലഹരി കൈമാറിയ ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

ലഹരിമരുന്ന് ചെറു പാക്കറ്റുകളിലാക്കിയായിരുന്നു വില്പന. നല്ലൊരു തുക ഈടാക്കിയിരുന്നു. കഴിഞ്ഞ ദിവസം ശിവപ്രസാദ് (ശ്യാം) വാടകയ്ക്ക് താമസിക്കുന്ന കുഴുപ്പിള്ളിയിലെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.കൂട്ടുപ്രതി ആബിദി (33) നെയും കൂട്ടിയാണ് പൊലീസ് ഇവിടെ എത്തിയത്. അഡീഷണൽ എസ്.പി. എസ്. മധുസൂദനന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിൽ ലഹരിമരുന്ന് പായ്ക്ക് ചെയ്യാനുപയോഗിച്ചിരുന്ന തീരെ ചെറിയ കുറച്ച് പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെത്തിയിരുന്നു.കേസിൽ ഉന്നതരുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് വിരികയാണ്.

ശനിയാഴ്ച വൈകിട്ടാണ് ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ.യുമായി യുവാക്കൾ കറുകുറ്റിയിൽ പിടിയിലായത്.

ആബിദ് നേരത്തെ കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഇതിനായി ഇന്നലെ പ്രത്യേക അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.