മൂവാറ്റുപുഴ: മൂവാറ്റുപുഴ -കൂത്താട്ടുകുളം എം.സി റോഡിൽ ആറൂർ കുന്നിൽ മണ്ണിടിഞ്ഞു. ആറൂർ കോളനിക്കു സമീപത്തെ കുന്നിൽ ഞായറാഴ്ച വെളുപ്പിനാണ് കൂറ്റൻ പാറകളടക്കം മണ്ണൊലിച്ചത്. കുന്നിനു താഴേക്ക് 500 മീറ്ററോളം മണ്ണും കല്ലും കുത്തിയൊലിച്ചു വീണു. വലിയ ശബ്ദത്തോടെയുള്ള പാറയുംവൻ മരങ്ങളും വെള്ളത്തോടൊപ്പം താഴേക്കു പതിച്ചെന്ന് നാട്ടുകാർ പറഞ്ഞു.
രണ്ടേക്കറോളം ഭാഗത്തെ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.ഇതിൽ പലതും വലിയ മരങ്ങളാണ്. ശക്തമായ മഴ പെയ്താൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് ഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ പറഞ്ഞു. താഴെയുള്ള ആറ് വീടുകളിൽ താമസിക്കുന്നവർ ഇപ്പോഴും കടുത്ത ആശങ്കയിലാണ്. മരങ്ങൾ വെട്ടിമാറ്റുന്നതും അനധികൃത നിർമാണവുമാണ് കുന്നിൽ മണ്ണൊലിപ്പ് ഉണ്ടാകാനുള്ള കാരണമെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.