mg-road-kseb-
മാധവ ഫാർമസി ജംഗ്ഷനിൽ വൈദ്യുതി ഭൂർഭ കേബിളിടാൻ കെ.എസ്.ഇ.ബി കുഴിയെടുത്ത സ്ഥലത്ത് താത്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നു.

കൊച്ചി: ഭൂഗർഭ വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച എം.ജി റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി. മാധവ ഫാർമസി ജംഗ്ഷൻ മുതൽ കവിതാ തിയേറ്റർ ജംഗ്ഷൻ വരെയുള്ള സ്ഥലത്ത് മുപ്പതിലേറെ കുഴികളാണ് കെ.എസ്.ഇ.ബി എടുത്തത്. ഇതിന്റെ താത്കാലിക നവീകരണം കെ.എസ്.ഇ.ബി ചെയ്യണമെന്ന് പി.ഡബ്ല്യു.ഡിയുമായുള്ള കരാറിൽ നിഷ്‌കർഷിച്ചിരുന്നു.

പണി പൂർത്തിയായതിനു പിന്നാലെ കുഴികൾ കെ.എസ്.ഇ.ബി കോൺക്രീറ്റ് ചെയ്ത് അടച്ചു. എന്നാൽ താത്കാലിക നവീകരണം പാളി. നിലവാരമില്ലാത്ത പണിയുടെ ഫലമായി അടച്ച കുഴികൾ വീണ്ടും തകർന്നു. മഴയത്ത് കോൺക്രീറ്റ് ഇളകി മെറ്റലും മണലും റോഡിൽ നിരന്നു. ഇതോടെ അപകടങ്ങളും പതിവായി.

 ഇരുചക്രവാഹനയാത്രക്കാർ ഭീതിയിൽ

ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കോൺക്രീറ്റ് പൊളിഞ്ഞ ചില സ്ഥലങ്ങളിൽ വീണ്ടും നിലവാരം കുറഞ്ഞ ടാറിംഗ് ചെയ്തു. ഒടുവിൽ അതും പൊളിഞ്ഞു. മഴക്കാലത്ത് റോഡുകൾ വെട്ടിപ്പൊളിക്കരുതെന്ന സർക്കാർ മാനദണ്ഡം നിലനിൽക്കെയാണ് എം.ജി റോഡിൽ കുഴികളെടുത്തത്.

■ പരാതികൾ കെ.എസ്.ഇ.ബിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കോൺക്രീറ്റ് തകർന്ന സ്ഥലങ്ങളിൽ വീണ്ടും അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. പൂർണമായ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു.

ടോണി ജോസ്, അസി.എക്‌സി.എൻജിനിയർ, പി.ഡബ്ല്യൂ.ഡി

■ നവീകരണ ജോലികൾ കൃത്യമായി ചെയ്തിട്ടുണ്ട്. കുഴികളെടുക്കുന്നതിന് അനുമതി ലഭിക്കുന്നതിനായി 8,90,000 രൂപ പി.ഡബ്ല്യൂ.ഡിയിൽ അടച്ചിട്ടുണ്ട്. കോൺക്രീറ്റ് പൊളിഞ്ഞുവെന്ന് പറയുന്ന സ്ഥലങ്ങളിഅ വീണ്ടും അറ്റകുറ്റപ്പണികൾ ചെയ്തിട്ടുണ്ട്

അസൈനാർ, അസി.എൻജിനിയർ, കെ.എസ്.ഇ.ബി.

■ വിഷയം കെ.എസ്.ഇ.ബിയുടെയും പി.ഡബ്ല്യു.ഡിയുടെയും ശ്രദ്ധയിൽപ്പൈടുത്തിയിട്ടുണ്ട്

സുധ ദിലീപ്, കൗൺസിലർ.