വൈപ്പിൻ: കൊവിഡ് നിയന്ത്രണങ്ങൾ, കടൽക്ഷോഭം, കാലാവസ്ഥ മുന്നറിയിപ്പുകൾ എന്നിവ മൂലം ഇടയ്ക്കിടെ പ്രഖ്യാപിക്കപ്പെടുന്ന മത്സ്യബന്ധന നിരോധനത്തിന് പുറമെ എല്ലാവർഷവും മൺസൂൺ കാലത്ത് പതിവുള്ള രണ്ട് മാസത്തെ ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി നിലവിൽവരും. ഹാർബറുകൾ അടച്ചിടും. യന്ത്രവത്കൃത ബോട്ടുകളൊന്നും കടലിൽ പോകില്ല. അന്യസംസ്ഥാന ബോട്ടുകൾ ഇന്നത്തോടെ ജില്ല വിട്ടുപോകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഹാർബറുകളിലേയും കായൽ തീരങ്ങളിലേയും ഡീസൽ ബങ്കുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ബോട്ടുകൾ അനധികൃതമായി കടലിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതലാണിത്.

 ഇൻബോർഡ് വള്ളങ്ങൾക്ക് വിലക്കില്ല

ഇക്കാലയളവിൽ പോകാൻ അനുവാദമുള്ള ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡ് ബങ്കുകളും തിരഞ്ഞെടുക്കപ്പെട്ട ബങ്കുകളും മുഖേന ഡീസൽ ലഭ്യമാകും. ഒരു ഇൻ ബോർഡ് വള്ളത്തിനൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കുകയുള്ളൂ.
നിരോധനകാലയളവിൽ പരമ്പരാഗത മത്സ്യതൊഴിലാളികൾ കടലിൽ പോകുമ്പോൾ ബയോ മെട്രിക് ഐഡി കാർഡും സുരക്ഷാ ഉപകരണങ്ങളും കൈവശം കരുതണം. കടലിൽ ഉണ്ടാകുന്ന അപകടങ്ങൾ നേരിടാൻ രണ്ട് പട്രോളിംഗ് ബോട്ടുകളും ഒരു മറൈൻ ആംബുലൻസും വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമായിട്ടുണ്ടാകും. നിരോധന കാലത്ത് മീനുകൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുന്നത് കണക്കിലെടുത്ത് രാസവസ്തുക്കൾ കലർന്ന് മത്സ്യങ്ങളുടെ വിപണനം തടയിടാൻ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തുണ്ടാകും.
 സൗജന്യറേഷൻ അനുവദിക്കും

ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് ഷെഡ് തൊഴിലാളികൾ എന്നിവർക്ക് സൗജന്യറേഷൻ അനുവദിക്കും.അപേക്ഷകൾക്കായി മത്സ്യത്തൊഴിലാളികൾ അതാത് മത്സ്യഭവൻ ഓഫീസുകളുമായി ബന്ധപ്പെടണം.നിരോധനകാലയളവിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ മാത്രമല്ല തീരത്തുള്ള അനുബന്ധതൊഴിലാളികളും രണ്ട് മാസത്തേക്ക് തൊഴിൽരഹിതരാകും. പീലിംഗ് ഷെഡ് തൊഴിലാളികൾ, കയറ്റിറക്കുകാർ, മത്സ്യവാഹനങ്ങളുടെ ഡ്രൈവർമാർ, സഹായികൾ, തരകൻമാരുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവർ, ഐസ് പ്ലാന്റ് തൊഴിലാളികൾ തുടങ്ങിയവരെല്ലാം പണിയില്ലാത്തവരാകും. എന്നാൽ വലപ്പണിക്കാർ, മറൈൻ എൻജിനിയറിംഗ് വർക്ക് ഷോപ്പ് തൊഴിലാളികൾ, യാർഡിലെ തൊഴിലാളികൾ തുടങ്ങിയവർക്കൊക്കെ ഈ സീസണിൽ തൊഴിൽ വർദ്ധിക്കും.