വൈപ്പിൻ: മൂന്ന് മാസമായി ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ നിരവധി തെരുവുവിളക്കുകകൾ തെളിയുന്നില്ല. കോൺട്രാക്ടർ കരാറിൽ പറയുന്ന പ്രകാരം വാർഡുകളിലെ കേടായ വിളക്കുകൾ നന്നാക്കുന്നതിൽ വീഴ്ചവരുത്തിയതിനെത്തുടർന്ന് താത്കാലികമായി കേടുപാടുകൾ തീർക്കുന്നതിന് പുതിയ ആളെ ചുമതലപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനാവശ്യമായ അനുബന്ധസാമഗ്രികൾ പഞ്ചായത്തിൽ നിന്ന് വാങ്ങിച്ചു നൽകാത്തതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
ഇഴജന്തുക്കളുടെയും മറ്റും ശല്യം വർദ്ധിച്ചിരിക്കുന്നതിനാൽ രാത്രികാലങ്ങളി ൽ ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുവാൻ സാധിക്കാത്ത അവസ്ഥയാണ്. ഭൂരിഭാഗം തെരുവു വിളക്കുകളും കത്താത്ത സാഹചര്യത്തിലും കറന്റ് ചാർജായി വൻതുക പഞ്ചായത്ത് മാസംതോറും ഇലക്ട്രിസിറ്റി ബോർഡിലേക്ക് അടച്ചുവരികയാണ്. തെരുവ് വിളക്കുകൾ തെളിയിക്കാൻ നപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. എ.പി. ലാലു, പി.പി.ഗാന്ധി, സജീഷ് മങ്ങാടൻ, വാസന്തി സജീവ്, പ്രതി ഉണ്ണിക്കൃഷ്ണൻ, ആഷ പൗലോസ്, സോഫി വർഗീസ് എന്നിവർ പങ്കെടുത്തു.