കൊച്ചി: വാത്തുരുത്തി റെയിൽവേ ഫ്ളൈഓവർ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ഫ്ളൈഓവർ നിർമ്മിക്കാൻ മാത്രമുള്ള വാഹനത്തിരക്ക് ഈ ഭാഗത്തില്ലെന്ന കാരണം പറഞ്ഞാണ് പശ്ചിമകൊച്ചിക്കാർ ദീർഘകാലമായി കാത്തിരിക്കുന്ന പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനെയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏല്പിച്ചിരുന്നത്. ഫ്ളൈഓവർ ആവശ്യമില്ലെന്നും പകരം റോഡിന് വീതികൂട്ടിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നുമാണ് ബന്ധപ്പെട്ട ഏജൻസികളുടെ വാദം. നാവികസേനയുടെയും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമ്പോൾ പ്രദേശവാസികളായ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള പരിഗണന നൽകുന്നില്ലെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയെന്നും അദ്ദേഹം അറിയിച്ചു.