ഫോർട്ടുകൊച്ചി: കഴിഞ്ഞ പത്തുമാസമായി കൊച്ചിയിലെ എസ്. കൃഷ്ണകുമാറും എ. ശൈലേഷ് പൈയും തിരക്കിലാണ്. രോഗബാധിതരുടെ വീടുകളും പൊലീസ് സ്റ്റേഷനുകളും ദേവാലയങ്ങളും തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവർ സൗജന്യമായി അണുനശീകരണം നടത്തുകയാണ്. ആദ്യം വീടിന്റെ പരിസരത്ത് നിന്ന് തുടങ്ങിയ ശുചീകരണം ഇപ്പോൾ തൃക്കാക്കര, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സ്വന്തം കീശയിൽ നിന്നും പണമെടുത്താണ് പ്രവർത്തനം. ഇതിനോടകം പതിനായിരത്തിലേറെ വീടുകളും ഇരുനൂറിലേറെ ഓട്ടോറിക്ഷകളും ഇവർ അണുനശീകരണം നടത്തിക്കഴിഞ്ഞു. കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം ഉൾപ്പടെയുള്ള ക്ഷേത്രങ്ങൾ, കൊച്ചി തുറമുഖത്തെ കൃസ്തീയദേവാലയം ഉൾപടെയുള്ള പള്ളികൾ, സേവാട്രസ്റ്റ് കേന്ദ്രങ്ങൾ, നിരവധി സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.
ഇതോടൊപ്പം തന്നെ അണുനശീകരണം നടത്തുന്ന വീടുകളിലെ ദുരിതം മാദ്ധ്യമങ്ങളിലൂടെ അധികാരികളുടെ മുന്നിൽ എത്തിക്കാനും മാദ്ധ്യമപ്രവർത്തകൻ കൂടിയായ കൃഷ്ണകുമാറിന് കഴിഞ്ഞിട്ടുണ്ട്. ശൈലേഷ് പൈ പൊതുപ്രവർത്തകനാണ്.
കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് പ്രവർത്തനം വ്യാപിപ്പിക്കാൻ ഇരുവരും തയ്യാറായത്. ഇനിയും കഴിയുന്നിടത്തോളം സമയം പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. ആരിൽനിന്നും സംഭാവനയോ മറ്റും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇനി അറിഞ്ഞ് നൽകിയാൽ അതുവാങ്ങി അണുനശീകരണത്തിന് വേണ്ട ഉപകരണങ്ങളും മരുന്നുകളും മറ്റും വാങ്ങുമെന്ന് ഇരുവരും പറയുന്നു.