ആലുവ: കഞ്ചാവുകേസ് പ്രതിയുടെ ആക്രമണത്തെ തുടർന്ന് ആറ് ദിവസമായി അബോധാവസ്ഥയിലായിരുന്ന ഇടുക്കി മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തൊടുപുഴ സ്വദേശി അജീഷ് പോളിന് ബോധം തിരിച്ചുകിട്ടി. ചെറുപുഞ്ചിരിയോടെ ഡോക്ടർക്ക് ഹസ്തദാനം ചെയ്തെങ്കിലും സംസാരശേഷി തിരിച്ചുകിട്ടിയിട്ടില്ല.
ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അജീഷ്. ഞായറാഴ്ച്ച രാത്രി അജീഷിനെ ആദ്യമായി കസേരയിൽ ഇരുത്തിയപ്പോഴാണ് ന്യൂറോളജിസ്റ്റ് ഡോ. ജോ മാർഷൽ ലിയോക്ക് നേരെ പതുക്കെ വലതുകൈ നൽകിയത്. ആക്രമണശേഷം ആദ്യമായി അജീഷ് കൈ സ്വയം ചലിപ്പിച്ചത് ആശുപത്രി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പൊലീസുകാർക്കും സന്തോഷം പകർന്നു. ചെറിയ പനിയുള്ളതിനാൽ ആശങ്കയുമുണ്ട്. ഇന്നലെ അജീഷിനെ സ്കാനിംഗിന് വിധേയമാക്കി. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ മുറിയിലേക്ക് മാറ്റും. അജീഷിനൊപ്പം തലക്കും കൈകാലുകൾക്കും പരിക്കേറ്റ സി.ഐ രതീഷ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ ജൂൺ ഒന്നിന് കാന്തല്ലൂർ കോവിൽകടവിൽ വച്ചാണ് കോവിൽകടവ് സ്വദേശി സുലൈമാൻ ഇരുവരെയും കരിങ്കല്ല് ഉപയോഗിച്ച് ആക്രമിച്ചത്.
അജീഷ് ആദിവാസികുട്ടികളുടെ അങ്കിൾ
അജീഷ് പോൾ ആദിവാസി കുട്ടികളുടെ 'പൊലീസ് അങ്കിളാ'ണ്. ആദിവാസി മേഖലയിലെ കുട്ടികളുടെ ഉന്നമനത്തിനായി സ്വന്തം പോക്കറ്റിൽ നിന്നും പണം ചെലവഴിച്ച് പ്രവർത്തിച്ചയാളാണ് അജീഷ് പോളെന്ന് ആദിവാസി - ദളിത് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധന്യ രാമൻ 'കേരളകൗമുദി'യോട് പറഞ്ഞു.
മറയൂരിൽ ജോലി ചെയ്യാൻ താത്പര്യമുള്ളതിനാൽ അജീഷ് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി എത്തിയതാണ്. ആദിവാസി കുട്ടികൾക്ക് ഭക്ഷണത്തിനും പഠനത്തിനുമെല്ലാം അജീഷ് സാമ്പത്തീക സഹായം നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഓൺലൈൻ പഠനത്തിനായി ആദിവാസി കുട്ടികൾക്കായി ടാബ്, ടി.വി, ലാപ്‌ടോപ് തുടങ്ങിയവ പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചിരുന്നു. ഇവ വിതരണം ചെയ്യാൻ മറയൂർ സ്റ്റേഷൻ പരിധിയിലുള്ള ദണ്ഡകൊമ്പ് ആദിവാസി കോളനിയിൽ എത്തിയപ്പോഴാണ് അജീഷുമായി പരിചയത്തിലായതെന്നും രമ്യ രാമൻ പറഞ്ഞു.