പെരുമ്പാവൂർ: താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചുചേർക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് രംഗത്ത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപ് ചേർന്ന എച്ച്.എം.സി പിന്നീടിതുവരെ വിളിച്ചുകൂട്ടുവാൻ ആശുപത്രി സൂപ്രണ്ടും മുനിസിപ്പൽ ഭരണാധികാരികളും തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി,

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിലും ഇക്കാര്യം ഗൗരവത്തോടെ കാണാതെ തങ്ങളുടെ ഇഷ്ടപ്രകാരം ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുനിസിപ്പൽ ഭരണാധികാരികൾ ആശുപത്രി അധികൃതരുടെ ഒത്താശയോടെ വാക്‌സിൻ വിതരണത്തിലടക്കം നടത്തിയ ക്രമംവിട്ട നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കെത്തുന്നവർ വെയിലും മഴയും നനഞ്ഞ് പേ വാർഡിനു സമീപം നിൽക്കുന്ന സ്ഥിതിക്ക് പരിഹാരമില്ല.

ആറുമാസംകഴിഞ്ഞിട്ടും കമ്മിറ്റി രൂപീകരിക്കുവാനോ അതുവരെ പഴയ കമ്മിറ്റി വിളിക്കുവാനോ ആശുപത്രി സൂപ്രണ്ട് തയ്യാറാകാത്തത് ഭരണസമിതിയുടെ താത്പര്യം സംരക്ഷിക്കുവാനാണ്. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങളും താളംതെറ്റുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കാൻ നടപടി സ്വീകരിക്കണമെന്നും കൃത്യവിലോപം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എൽ ഡി എഫ് മുനിസിപ്പൽ കൺവീനർ കെ.ഇ. നൗഷാദ് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.