കൊച്ചി: നഗരത്തിലെ തിരക്കൊഴിവാക്കി യാത്രചെയ്യാൻ കൊച്ചിക്കാർ ഉപയോഗിക്കുന്ന പ്രധാന പാതകളിലൊന്നാണ് കണ്ടെയ്നർ റോഡ്. നല്ല വീതിയും ഉന്നതനിലവാരവുമുള്ള റോഡ് ഇപ്പോൾ വീണ്ടും കണ്ടെയ്നർ ലോറികളുടെ അനധികൃത പാർക്കിംഗ് സ്ഥലമായി.
കണ്ടെയ്നർ ടെർമിനലിലേക്കെത്തുന്ന ലോറികൾ നിയമംലംഘിച്ച് ഈറോഡിലാണ് കൊണ്ടുവന്നിടുന്നത്. അപകടങ്ങൾ നിത്യസംഭവമായപ്പോൾ പൊലീസും ജില്ലാ ഭരണകൂടവും തുറമുഖട്രസ്റ്റും ഇടപെട്ട് വേറെ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ഇപ്പോൾ അതൊന്നും നടപ്പാകുന്നില്ല.
അലക്ഷ്യമായും അല്ലാതെയും പാർക്കുചെയ്യുന്ന ലോറികൾ സൃഷ്ടിച്ച അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞതോടെയാണ് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ട്രാഫിക് പൊലീസ് പരിശോധന കർശമാക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു.
■ തോന്നിയപോലെ ലോറി പാർക്കിംഗ്
ഇപ്പോൾ സകല നിയന്ത്രണങ്ങളും ലംഘിച്ച് ഇവിടെ ലോറികൾ നിരന്നു കിടക്കുകയാണ്. പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്ക് സമീപത്തുമാത്രം ഇരുവശങ്ങളിലുമായി നൂറ്റമ്പതോളം ലോറികൾ ഇന്നലെ രാവിലെയുണ്ട്.
ഉപേക്ഷിച്ച വാഹനഭാഗങ്ങളും റോഡിന്റെ പല ഭാഗത്തായുമുണ്ട്. മൂന്നുംനാലും ലോറികളാണ് ഒരുനിരയായി റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തിരിക്കുന്നത്.
■ കളമശേരിയിലും സ്ഥിതിക്ക് മാറ്റമില്ല
കണ്ടെയ്നർ റോഡ് ആരംഭിക്കുന്ന കളമശേരിയിലും സമാനമായ അവസ്ഥയാണ്. വാഹനങ്ങൾക്ക് സൈഡ്നൽകുമ്പോഴാണ് നിർത്തിയിട്ട ലോറികളിലിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത്. രാത്രികളിൽ മറ്റ് വാഹനങ്ങൾ ഇവയിൽ വന്നിടിച്ചും അപകടമുണ്ടാകുന്നു. ലോക്ക്ഡൗണിൽ വാഹനങ്ങൾ കുറവായതുകൊണ്ട് മാത്രമാണ് ഇപ്പോൾ അപകടങ്ങൾ കുറയുന്നത്.
അന്യസംസ്ഥാന ലോറികളിലെ ഡ്രൈവർമാരും ക്ലീനർമാരും വാഹനങ്ങളിൽതന്നെ തമ്പടിച്ചാണ് ആഹാരം പാകംചെയ്യുന്നതും മറ്റും. ഭക്ഷണാവശിഷ്ടങ്ങൾക്ക് പിന്നാലെയെത്തി വാഹനങ്ങൾക്കടിയിൽ ചതഞ്ഞരത് എണ്ണമറ്റ പട്ടികളും പൂച്ചകളുമാണ്.
■ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കർശനനടപടികൾ സ്വീകരിക്കും. ഉടമകൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും പിഴചുമത്തും. ലോറികൾ പിടിച്ചെടുക്കും.
ഷാജി മാധവൻ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ
■ ലോറികൾ പാർക്ക് ചെയ്യാതിരിക്കാൻ കയർകെട്ടി തിരിച്ചിരുന്നതാണ്. അത് പൊട്ടിച്ച് മാറ്റിയാണ് ലോറികൾ കയറ്റിയിടുന്നത്. ചോദ്യംചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
സജേഷ്, ഓട്ടോഡ്രൈവർ
■ 2011ൽ 909 കോടി രൂപ ചെലവിട്ട് രണ്ടുവരിപ്പാതയായി തുറന്നു
■ 2015ൽ നാലുവരിയാക്കി
■ ഇതുവരെ പൊലിഞ്ഞത് 27 ജീവനുകൾ
■ പരിക്കേറ്റവർ അറുനൂറോളം
■ പാത കടന്നുപോകുന്നത്: കളമശേരി, ഏലൂർ, നഗരസഭകളിലൂടെയും ചേരാനല്ലൂർ, കോതാട്, മൂലമ്പിള്ളി, മുളവുകാട്, വല്ലാർപാടം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയും.