കൊച്ചി: പാറ്റൂരിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ തുടങ്ങിയവർക്കെതിരെ അന്വേഷണം വേണമെന്ന പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ ഹർജി ഹൈക്കോടതിയും തള്ളി. ഈ കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണെന്നും ഇതേ വിഷയത്തിൽ വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാവില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി.
തിരുവനന്തപുരം പാറ്റൂരിൽ ആർടെക് റിയൽറ്റേഴ്സിന് ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ ഇവരുടെ കൈവശമുള്ള ഭൂമിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ സ്വീവേജ് മെയിൻ ലൈൻ മാറ്റി സ്ഥാപിച്ചതാണ് കേസിനാധാരം. വാട്ടർ അതോറിറ്റിയുടെ 12.75 സെന്റ് സ്ഥലമാണ് സ്വകാര്യ ബിൽഡർക്ക് കൈമാറിയതെന്നും ഇതു അഴിമതിയാണെന്നുമാരോപിച്ചാണ് വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.
2013 - 14 കാലഘട്ടത്തിൽ നടന്ന ഭൂമി തട്ടിപ്പിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവർക്ക് പങ്കുണ്ടെന്നായിരുന്നു പരാതിയിലെ ആരോപണം. എന്നാൽ ഇതേ വിഷയത്തിൽ വിജിലൻസ് ഡിവൈ.എസ്.പി രജിസ്റ്റർ ചെയ്ത മറ്റൊരു കേസ് 2018 ഫെബ്രുവരിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വകാര്യ ബിൽഡർക്ക് ഏതെങ്കിലും തരത്തിൽ ലാഭമുണ്ടാക്കിയതായി വിലയിരുത്താൻ കഴിയില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ ഇൗ കേസിൽ നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കോടതി പരാതി നിരസിച്ചത്. തുടർന്നാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി റദ്ദാക്കിയ എഫ്.ഐ.ആറും തന്റെ പരാതിയും വ്യത്യസ്തമാണെന്നും കേസിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ വിജിലൻസ് കോടതിക്ക് പരാതി തള്ളാൻ കഴിയില്ലെന്നുമായിരുന്നു വി.എസിന്റെ വാദം. ഹൈക്കോടതി റദ്ദാക്കിയ എഫ്.ഐ.ആറിലെയും വി.എസിന്റെ പരാതിയിലെയും വിവരങ്ങൾ സമാനമാണെന്നും ഹർജി അനുവദിച്ചാൽ വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും ഹൈക്കോടതി വിലയിരുത്തി.