1
എം.ജെ ഡിക്സൻ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമനുമായി​ ചർച്ചനടത്തുന്നു

തൃക്കാക്കര: പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന അത്താണി കീരേലിമലയിലെ കോളനി നിവാസികളുടെ ദുരിതത്തിന് അറുതിയാവുന്നു.ഈ കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപത്തെ നാല്പത് സെന്റ് സ്ഥലം പുറമ്പോക്ക് ഭൂമിയുടെ റവന്യൂവകുപ്പ് നടപടി അവസാന ഘട്ടത്തിലാണ്. മൂന്നുവർഷം മുമ്പാണ് ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഓലിമുകൾ പള്ളിക്ക് സമീപത്തെ റവന്യൂഭൂമി കണ്ടെത്തി കാക്കനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഭൂമി അളന്നുതിരിച്ച് വൃത്തിയാക്കുകയും ഓരോ കുടുംബങ്ങൾക്ക് നൽകേണ്ട സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കി കണയന്നൂർ തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ചുവപ്പ് നാടയിൽ കുരുങ്ങി തുടർനടപടി ഉണ്ടായില്ല. തൃക്കാക്കര നഗരസഭാ കൗൺസിലർ എം.ജെ. ഡിക്സന്റെ നേതൃത്വത്തിൽ റവന്യൂമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മന്ത്രിയുടെ അടിയന്തര ഇടപെടൽ.

അത്താണി കീരേലിമലയിലെ കോളനി നിവാസികളായ 21 കുടുംബങ്ങളുടെ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം.ജെ ഡിക്സന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടർ പി.എൻ. പുരുഷോത്തമനെയും തുടർന്ന് ജില്ലാ കളക്ടറേയും കണ്ടിരുന്നു. പ്ളോട്ടിന്റെ നറുക്കെടുപ്പ് ലോക്ക് ഡൗണിനുശേഷം നടത്തുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതായി എം.ജെ. ഡിക്‌സൺ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് അത്താണി പാറമടയ്ക്ക് സമീപം ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും താമസയോഗ്യമല്ലാത്തതിനാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.

 വർഷകാലത്തെ ഭയന്ന് കോളനിനിവാസികൾ
വർഷകാലം തുടങ്ങാനിരിക്കെ നെഞ്ചിടിപ്പോടെ കഴിയുകയാണ് അത്താണി കീരേലിമലയിലെ കോളനി നിവാസികൾ. 30 അടിയോളം താഴ്ചയിൽ മണ്ണെടുത്ത ഭാഗത്ത് 21 കുടുംബങ്ങളാണ് മണ്ണിടിച്ചിൽ ഭീഷണിയിൽ താമസിക്കുന്നത്. കോളനിയിൽ മലപോലെ നിൽക്കുന്ന ഭിത്തി ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
മലയുടെ മുകളിൽ കെട്ടിയിരിക്കുന്ന കരിങ്കൽ ഉൾപ്പെടെ ഇടിഞ്ഞുവീണാൽ വൻ ദുരന്തത്തിനാണ് സാദ്ധ്യത. ഇവിടെ നിൽക്കുന്ന പാഴ്‌മരങ്ങൾക്ക് കാറ്റുപിടിച്ചാൽപോലും അപകടം ഉണ്ടായേക്കാം. കഴിഞ്ഞ വർഷങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടായതിനെത്തുടർന്ന് കോളനി നിവാസികളെ കാക്കനാട് മുനിസിപ്പൽ എൽ.പി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. കാറും കോളും ഉരുണ്ട് കൂടുമ്പോൾ കോളനി നിവാസികൾക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.