കൊച്ചി: ഇരുപത്തേഴുകാരിയെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പരാതിയിൽ മൊഴി രേഖപ്പെടുത്തി മാസങ്ങളായിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ വനിതാ കമ്മിഷനടക്കം ഇടപെടുകയും വ്യാപക വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സൈബർ വിദഗ്ദ്ധരടക്കമുള്ള സംഘത്തെ നിയോഗിച്ചത്. യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം കഴിഞ്ഞദിവസം മാദ്ധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം വിവാദമായത്.
പ്രതി മാർട്ടിൻ ജോസഫിനായി (26) പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാൾ തൃശൂരിലുണ്ടെന്നാണ് സൂചന. ഇന്നലെ കൊച്ചി, തൃശൂർ പൊലീസ് ടീമുകൾ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വന്തം ഫോൺ മാസങ്ങളായി ഉപയോഗിക്കുന്നില്ല. സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയാണ് എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്രിൽ യുവതി പീഡനത്തിന് ഇരയായത്. ലൈംഗിക അതിക്രമം, പീഡനം, ആയുധങ്ങൾ ഉപയോഗിച്ചുള്ള മർദ്ദനം, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മാർട്ടിൻ ജോസഫിനെ ഉടൻ പിടികൂടും. സംസ്ഥാന വ്യാപകമായാണ് അന്വേഷണം. പരാതി ലഭിക്കാൻ വൈകിയതാണ് പ്രതി ഒളിവിൽ പോകാൻ കാരണമായത്.
സി.എച്ച്. നാഗരാജു
കമ്മിഷണർ, കൊച്ചി
അലറിക്കരഞ്ഞാലും പുറത്തുകേൾക്കില്ല
വിഷ്ണു ദാമോദർ
കൊച്ചി: യുവതിയെ മാർട്ടിൻ ജോസഫ് തടഞ്ഞുവച്ച് പീഡിപ്പിച്ച മറൈൻ ഡ്രൈവ് ഫ്ളാറ്റ് സമുച്ചയത്തിലെ ആറാം നിലയിലെ വാടക അപ്പാർട്ട്മെന്റിൽ നിന്ന് ശബ്ദം പുറത്ത് കേൾക്കില്ലെന്ന് പൊലീസ്. സമീപ അപ്പാർട്ട്മെന്റുകളിൽ താമസക്കാരാരുമില്ല. ഇതാണ് ക്രൂരമർദ്ദനമടക്കം നടന്നിട്ടും പുറംലോകം അറിയാൻ വൈകിയത്.
22 ദിവസം യുവതി പീഡനം സഹിച്ച് ഇവിടെ കഴിഞ്ഞു. ഫ്ളാറ്റിലെ മറ്റ് താമസക്കാരാരും യുവതിയെ കണ്ടിട്ടില്ല. ഭക്ഷണം വാങ്ങാൻ മാർട്ടിൻ പുറത്തുപോയ തക്കം നോക്കിയാണ് രക്ഷപ്പെട്ടത്. ഇപ്പോൾ കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുകയാണിവർ.
പരിചയം പിറന്നാൾ ആഘോഷം മുതൽ
കൊച്ചിയിൽ ഫാഷൻ ഡിസൈനിംഗും പബ്ലിക്ക് റിലേഷൻസ് ജോലികളുമാണ് യുവതി ചെയ്തിരുന്നത്. വിവാഹബന്ധം പിരിഞ്ഞ ശേഷം കൊച്ചിയിലെത്തുകയായിരുന്നു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടിയപ്പോഴാണ് മാർട്ടിനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. ലോക്ഡൗൺ വന്നപ്പോൾ മാർട്ടിന്റെ ഫ്ലാറ്റിലേക്ക് താമസം മാറ്റി ലിവ് ഇൻ റിലേഷനായി. ഓഹരി വ്യാപാരവും മോഡലിംഗുമാണ് മാർട്ടിന്റെ ജോലികൾ. മാർട്ടിന് മറ്രൊരു ബന്ധമുണ്ടെന്ന് കണ്ടെത്തി ചോദ്യം ചെയ്തതാണ് പീഡനത്തിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു.
'അവൾ കടുത്ത മാനസിക സംഘർഷത്തിൽ'
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ ദിവസങ്ങളോളം ക്രൂരപീഡനത്തിന് ഇരയായ യുവതി കടുത്ത മാനസിക സംഘർഷത്തിലെന്ന് കൂട്ടുകാരിയുടെ വെളിപ്പെടുത്തൽ. പ്രതി മാർട്ടിനെ ഭയന്ന് യുവതി കേളത്തിന് പുറത്താണ് കഴിയുന്നത്. മാർട്ടിൻ തന്നെ ഉപദ്രവിക്കുമെന്ന ഭയം അവൾക്കുണ്ടെന്ന് സുഹൃത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. മാർട്ടിൽ ഒളിവിൽ പോയി എന്ന് പൊലീസ് പറയുമ്പോഴും എല്ലാദിവസവും ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അടിവസ്ത്രങ്ങൾ പോലുമില്ലാതെ ധരിച്ചിരുന്ന വസ്ത്രത്തിലാണ് അവൾ ഫ്ളാറ്റിൽനിന്ന് ഇറങ്ങി ഓടിയത്. കേസിൽ കൃത്യമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. സുഹൃത്തുക്കളായ കുറച്ചു പേരോട് ആദ്യം മുതൽ തന്നെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. ഒഴിവാക്കാൻ പറഞ്ഞെങ്കിലും നിരവധി പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നതിനാൽ അവൾക്ക് കഴിയാതെ വരികയായിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തി.
യുവതിയെ ഫ്ളാറ്റിൽപീഡിപ്പിച്ച കേസ് :
മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരണം തേടി
കൊച്ചി: ഫാഷൻ ഡിസൈനറായ യുവതിയെ ഫ്ളാറ്റിൽ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങൾക്കിരയാക്കിയ കേസിൽ പ്രതി തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ വീട്ടിൽ മാർട്ടിൻ ജോസഫ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ മേയ് 18 ന് തള്ളിയിരുന്നു.
27 കാരിയെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ തടവിലാക്കിയ ഇയാൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഇവർ ലിവ് ഇൻ ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി. ഇവ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. കണ്ണിൽ മുളകുവെള്ളമൊഴിച്ചും ബെൽറ്റ് കൊണ്ടടിച്ചും പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിരുന്നു.
പ്രതിമാസം 40,000 രൂപ നൽകാമെന്ന് വാഗ്ദാനം നൽകി മാർട്ടിൻ അഞ്ച് ലക്ഷം രൂപ ഒാഹരി വിപണിയിൽ നിക്ഷേപിക്കാനായി വാങ്ങിയത് തിരിച്ചു നൽകിയില്ല. ക്രൂരമായ മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും യുവതി പൊലീസിന് നൽകിയിട്ടുണ്ട്.
പരാതി വ്യാജമാണെന്നാണ് മാർട്ടിൻ ജോസഫിന്റെ വാദം. തന്നെക്കാൾ ഒരു വയസിനു മൂത്ത വിവാഹിതയായ ഇവരുമായി ഇഷ്ടത്തിലായതിനെത്തുടർന്നാണ് ഒരുമിച്ചു താമസിച്ചത്. മുന്നോട്ടു പോകാൻ കഴിയില്ലെന്നായതോടെ വേർപിരിഞ്ഞു. ഇവരിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഹർജിക്കാരൻ പറയുന്നു.