kochi-cooperation

കൊച്ചി: ജോലിയില്ല, കൈയിൽ നയാപൈസയില്ല. കൂനിൽ മേൽ കുരു പോലെ ചെയ്ത പണിയുടെ പ്രതിഫലം നിഷേധിക്കുന്ന അധികൃതരും.

കൊച്ചി കോർപ്പറേഷനിലെ കരാറുകാരുടെ നിലവിലെ അവസ്ഥ ഇതാണ്. 2017 ഒക്‌ടോബർ വരെ ചെയ്ത പ്രവൃത്തികളുടെ തുകയാണ് കരാറുകാർക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബാക്കി മൂന്നര വർഷത്തെ തുക കുടിശികയാണ്. കോർപ്പറേഷന്റെ തനത് ഫണ്ട് ഉപയോഗിച്ചു ചെയ്ത നിർമ്മാണപ്രവൃത്തികളുടെ തുക ലഭിക്കുന്നതിനായി കരാറുകാർ മുട്ടാത്ത വാതിലുകളില്ല.

മേയർ അഡ്വ.എം.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റ് അധികംവൈകാതെ പത്തു കോടി രൂപ ഇവർക്ക് അനുവദിച്ചിരുന്നു. നികുതിയിനത്തിൽ വരുമാനം വർദ്ധിക്കുന്നതനുസരിച്ച് കരാറുകാർക്ക് കൂടുതൽ പണം അനുവദിക്കാമെന്നും മേയർ ഉറപ്പ് നൽകി.ഇതനുസരിച്ച് അടുത്ത ഗഡുവായി പത്തു കോടി രൂപ നൽകാൻ മൂന്നു മാസം മുമ്പ് കൗൺസിൽ അനുമതി നൽകിയിട്ടും തുക ചുവപ്പുനാടയിൽ കുരുങ്ങിയെന്നാണ് പരാതി.

നൂറു കോടി രൂപയോളം കോർപ്പറേഷനിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കരാറുകാർ പറയുന്നു. അതിൽ നിന്ന് ഒരു വിഹിതമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ലോക്ക്‌ഡൗൺ നിബന്ധനകൾ മൂലം പ്രവർത്തനങ്ങൾ നിർത്തിവച്ചുവെങ്കിലും തൊഴിലാളികൾക്ക് ആഴ്ചതോറും നിശ്ചിത വിഹിതം നൽകാൻ ബാദ്ധ്യസ്ഥരാണ്. സെക്രട്ടറി അവധിയിലായതിനാൽ അഡീഷണൽ സെക്രട്ടറി ഫയലിൽ ഒപ്പിടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അർഹതപ്പെട്ട പണം ഇതുവരെ ലഭിച്ചില്ലെന്ന് കൊച്ചിൻ കോർപ്പറേഷൻ കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡേവിഡ് പറഞ്ഞു.

ബിൽ ഉടൻ പാസാക്കും

കൊവിഡ് ബാധിച്ചതിനെ തുടർന്ന് അവധിയിലായിരുന്നു.കഴിഞ്ഞ ആഴ്ചയിലാണ് ഓഫീസിലെത്തിയത്. നിരവധി ഫയലുകളിൽ തീർപ്പാകാനുണ്ട്.കരാറുകാരുടെ ഫണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നൽകും.

എ.എസ്.നൈസാം,കോർപ്പറേഷൻ സെക്രട്ടറി