children

കൊച്ചി: അന്യസംസ്ഥാനങ്ങളിൽ നിന്ന് വീടുവിട്ടിറങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. കൊവിഡ് കാലത്ത് മാത്രം 20 കുട്ടികളാണ് എറണാകുളത്ത് എത്തിയത്. റെയിൽവേ സുരക്ഷാ വിഭാഗവും സ്റ്റേഷനുകളിലെ ചൈൽഡ് ഹെൽപ് ഡസ്‌കും ചേർന്ന് ഇവരെ രക്ഷി​ക്കുകയായി​രുന്നു. ഇവരെ ചൈൽഡ് ലൈനിന്റെ സഹായത്തോടെ ശി​ശുക്ഷേമ സമി​തി​ വഴി​ ഷെൽറ്റർ ഹോമുകളിലേക്ക് മാറ്റി​.

കൊവിഡ് കാലത്ത് സ്‌പെഷ്യൽ ട്രെയിനുകളിൽ റെയിൽവേ പൊലീസിന്റെയും മറ്റും കണ്ണുവെട്ടിച്ചാണ് കുട്ടികളുടെ യാത്ര. ബർത്തുകളിലും മറ്റും ഉറങ്ങുന്നതിനാൽ ഇവർ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുകയുമില്ല.

രണ്ടും മൂന്നും ദിവസം ഭക്ഷണം കഴിക്കാതെയാണ് പല കുട്ടികളുമെത്തുന്നത്. ട്രെയിനിന്റെ അവസാന സ്‌റ്റോപ്പ് എറണാകുളമായതിനാലാണ് അവർ ഇവിടെ ഇറങ്ങുന്നത്. എത്തുന്നവരി​ൽ ചി​ലർക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ട്. വീടുകളിലെ വഴക്കും, ശാരീരിക പീഡനവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം നാടുവിട്ടവരാണ് കൂടുതലും.

ആലുവ, എറണാകുളം നോർത്ത്, സൗത്ത് സ്‌റ്റേഷനുകളിലാണ് പ്രധാനമായും കുട്ടികളെത്തുന്നത്. കൊവിഡ് കാലത്ത് എത്തിയ 20ൽ നാല് കുട്ടികൾക്കൊപ്പം മാനസിക പ്രശ്‌നങ്ങളുള്ള അമ്മമാരുമുണ്ടായി​രുന്നു.

● കുട്ടികളെ തി​രി​കെ കൊണ്ടുപോകാൻ എറണാകുളത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും സാമ്പത്തിക ശേഷി ഇല്ലാത്ത മാതാപിതാക്കളുണ്ട്. അങ്ങനെയുള്ളവർക്ക് ടിക്കറ്റ് എടുത്ത് നൽകും.

റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ, എറണാകുളം


● റെയിൽവേ ചൈൽഡ് ലൈൻ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ പ്രശംസനീയമാണ്. കുട്ടികൾക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുകയും അത്യാവശ്യ കാര്യങ്ങൾ ചെയ്ത് നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കാറുമുണ്ട്.

ബിറ്റി.കെ.ജോസഫ്, സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ, എറണാകുളം.

എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ ചൈൽഡ് ഹെൽപ് ഡെസ്‌ക് തുടങ്ങിയത്- 2018ൽ

2018 മുതൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തിയ 18 വയസിൽ താഴെയുള്ള കുട്ടികൾ - 523

സി.ഡബ്ല്യൂ.സിക്ക് കീഴിൽ ജില്ലയിലെ വിവിധ ഷെൽറ്റർ ഹോമുകളിൽ ഇപ്പോഴുള്ളത് - 1,450 കുട്ടികൾ