ആലുവ: കൊവിഡ് പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾക്കിടയിൽ കൊവിഡിന് കീഴടങ്ങിയ യുവകാർട്ടൂണിസ്റ്റും കാർട്ടൂൺ അക്കാഡമി മുൻ വൈസ് ചെയർമാനുമായിരുന്ന ഇബ്രാഹിം ബാദുഷയുടെ കുടുംബത്തെ സഹായിക്കണമെന്ന ആവശ്യം ശക്തമായി. അൻവർ സാദത്ത് എം.എൽ.എ, ജി.സിഡി.എ ചെയർമാൻ വി. സലീം എന്നിവർ മുഖ്യമന്ത്രിക്ക് വെവ്വേറെ നിവേദനംനൽകി.
ജൂൺ രണ്ടിനാണ് 37 കാരനായ ഇബ്രാഹിം ബാദുഷ കൊവിഡ് ബാധിതനായി ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ചത്. സംസ്ഥാന ഗതാഗതവകുപ്പിനും ആരോഗ്യവകുപ്പിനും ബോധവത്കരണ കാർട്ടൂൺ കാരിക്കേച്ചറുകൾ ബാദുഷ തയ്യാറാക്കി നൽകിയിട്ടുണ്ട്. കൂടാതെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി കാർട്ടൂണുകൾ സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പണം സ്വരൂപിക്കുന്നതിനായി പ്രളയാനന്തരവും ഇപ്പോഴും കാമ്പയിനുകൾ നടത്തിയിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച തത്സമയ കാരിക്കേച്ചറിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
വൃദ്ധമാതാവും ഭാര്യ സഫീനയും, മൂന്നുമക്കളും അടങ്ങുന്നതാണ് ബാദുഷയുടെ കുടുംബം. സഫീനയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള സർക്കാർ ജോലിയും കുട്ടികൾക്ക് കൊവിഡ് മൂലം രക്ഷിതാക്കൾ നഷ്ടപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങളും അനുവദിക്കണമെന്നാണ് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ സാംസ്‌കാരിക വകുപ്പുമന്ത്രിക്കും എം.എൽ.എ കത്തുനൽകിയിട്ടുണ്ട്.
കൊവിഡ് ബാധിച്ച് മരണമടഞ്ഞ ആലുവ നിയോജകമണ്ഡലത്തിലെ മറ്റുള്ളവരുടെ കുട്ടികൾക്കും ആശ്രിതർക്കും സർക്കാരിന്റെ കൈത്താങ്ങ് ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി എം.എൽ.എ അറിയിച്ചു. ഇബ്രാഹിം ബാദുഷയുടെ പ്രവർത്തനങ്ങളും കുടുംബപശ്ചാത്തലവും വിവരിച്ച് വി. സലീമും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.