y-con
പെരിയാർ കൈവഴിയായ പുറയാർ ക്രഷർ കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശുചീകരണം

നെടുമ്പാശേരി: പൊലീസ് പിടികൂടി പൊളിച്ച മണൽ വള്ളങ്ങളുടെ അവശിഷ്ടങ്ങൾ കിടന്ന് നശിച്ച പുറയാർ ക്രഷർ കടവിന് പുനർജന്മം. അഞ്ച് വർഷത്തോളമായി കിടന്നിരുന്ന മണൽ വള്ളങ്ങളുടെ അവശിഷ്ടങ്ങളും ചെളിയും നീക്കി സേവനത്തിന്റെ പുത്തൻപാത ഒരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാതൃകയായത്.

ചെങ്ങമനാട് പഞ്ചായത്ത് 13-ാം വാർഡിലെ പെരിയാർ കൈവഴിയിലാണ് നാട്ടുകാർക്ക് ദുരിതം തീർത്ത മണൽ വള്ളങ്ങളുടെ അവശിഷ്ടങ്ങൾ കിടന്നിരുന്നത്. പെരിയാറിലെ മണൽക്കൊള്ളയത്തെുടർന്ന് പൊലീസ് പിടികൂടി തകർത്ത ഏഴ് ടണ്ണോളം വരുന്ന രണ്ട് കൂറ്റൻ വള്ളങ്ങളാണ് ചെളി നിറഞ്ഞും കാട്മൂടിയും കടവ് ഉപയോഗശൂന്യമാക്കിയത്.

 ശാപമോക്ഷമേകിയത് യൂത്ത് കോൺഗ്രസുകാർ

സമീപവാസികൾ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന കടവ് നോക്ക് കുത്തിയായതോടെ വർഷങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. കടവും പരിസരവും മണൽവാരി ആഴക്കയങ്ങളാവുകയും 2018ലെ മഹാപ്രളയത്തത്തെുടർന്ന് പൊളിഞ്ഞ വള്ളങ്ങളിലും കടവിലും ചളി മൂടുകയുമായിരുന്നു. അതോടെ കടവ് ഭീതിയുടെ നിഴലായി. ഒടുവിൽ ' മാപ്പിള ഖലാസി'കളെപ്പോലെ ചെങ്ങമനാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. മഴയും വെയിലും അതിജീവിച്ച് മണിക്കൂറുകളോളം കഠിനത്യാഗം നടത്തിയാണ് പ്രവർത്തകർ ശുചീകരിച്ചത്. ശ്രമദാനം പൂർത്തിയാക്കും മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വയറ് നിറയെ ഭക്ഷണമുണ്ടാക്കി വിളമ്പാൻ രാഷ്ട്രീയം നോക്കാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകരത്തെിയത് നാടിന് വേറിട്ട കാഴ്ചയുമായി.

ഡി.സി.സി ജനറൽ സെക്രട്ടറി പി.ബി. സുനീർ ശ്രമദാനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ കരുമത്തി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി സന്ദേശം നൽകി. നൗഷാദ് പാറപ്പുറം, നഹാസ് കളപ്പുരക്കൽ, സിറാജുദ്ദീൻ, സുധീഷ് കപ്രശേരി, ബിജോ കുര്യാക്കോസ്, ഷിജു തോട്ടപ്പിള്ളി, ജെസ് കുഞ്ഞുമോൻ, നിഷാദ് പറമ്പേലിൽ, കിഷോർ, അൻസാഫ്, സനൂപ്, റാഫി, റെനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.