photo
മുരിക്കുംപടം ശുദ്ധജലസംഭരണി

വൈപ്പിൻ: വർക്ക് സൈറ്റിൽ എത്തി ഏതാനും പേർ വധഭീഷണി മുഴക്കിയതിനെതുടർന്ന് നിർമ്മാണം സ്തംഭനത്തിലായ മുരിക്കുംപാടം ജലഅതോറിറ്റി ശുദ്ധജലസംഭരണിയുടെ നിർമ്മാണം തുടരുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവായി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുരിക്കുംപാടത്തെ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ഡോൾഗോവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ വിധി.
എട്ടുവർഷം മുമ്പ് തുടങ്ങിയ ജലഅതോറിറ്റിയുടെ ടാങ്ക് നിർമ്മാണം മുടങ്ങിക്കിടന്നത് പുതിയ കരാറുകാരൻ ഏറ്റെടുത്ത് പണി പുനരാരംഭിച്ചിട്ട് നാല് മാസമേ ആയിട്ടുള്ളൂ. സംഭരണിയുടെ മൂന്നുനില പണി പൂർത്തിയായി. ഏറ്റവും മുകളിലുള്ള ടാങ്കിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണം നടക്കുന്നതിനിടെയായിരുന്നു രണ്ടാഴ്ച മുമ്പ് തൊഴിലാളികൾ എന്നവകാശപ്പെട്ട് ഏതാനുംപേർ വർക്ക് സൈറ്റ് കൈയേറി സൈറ്റ് എൻജിനീയർക്ക് നേരെ വധഭീഷണി മുഴക്കിയത്. തുടർന്ന് നിർമ്മാണം സ്തംഭിച്ചു. ഇതേത്തുടർന്നാണ് അഡ്വ. ഡോൾഗോവ് ഹൈക്കോടതിയെ സമീപിച്ചത്.