വൈപ്പിൻ: ആരോഗ്യവകുപ്പ് ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ച മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോയതിനെത്തുടർന്ന് ബോട്ടുടമയ്ക്കും 11 തൊഴിലാളികൾക്കുമെതിരെ പകർച്ചവ്യാധി തടയൽ നിരോധന നിയമപ്രകാരം മുനമ്പം പൊലീസ് കേസെടുത്തു.
പള്ളിപ്പുറം സ്വദേശി ജൂഡിന്റെ സർവശക്തൻ എന്ന ബോട്ടിലെ 15 തൊഴിലാളികൾ വെള്ളിയാഴ്ച മുനമ്പം ആശുപത്രിയിൽ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഫലം വന്നപ്പോൾ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബാക്കി തൊഴിലാളികളോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. എന്നാൽ നിർദേശം ലംഘിച്ച് 11 പേർ ഞായാറാഴ്ച കടലിൽ മത്സ്യബന്ധനത്തിന് പോയി. ഈ ബോട്ട് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഹാർബറിൽ അടുപ്പിക്കുകയോ മത്സ്യം ഇറക്കി വില്പന നടത്തുകയോ ചെയ്യരുതെന്ന് മുനമ്പത്തെ രണ്ട് ഹാർബറുകളിലും പൊലീസ് നിർദേശം നൽകി. തിരിച്ചെത്തുമ്പോൾ അറസ്റ്റ് രേഖപ്പെടുത്തി ക്വാറന്റൈനിൽ താമസിപ്പിക്കുമെന്ന് മുനമ്പം സി.ഐ കെ.എസ്. സന്ദീപ് അറിയിച്ചു.