വൈപ്പിൻ: കുഡുംബി സമുദായം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. സംവരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും പട്ടികവർഗവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും ഇതിനകംതന്നെ ചർച്ച നടത്തിക്കഴിഞ്ഞു. കുഡുംബി മഹാജനസഭാംഗങ്ങളുടെ മക്കളിൽ പഠനത്തിൽ മികവുകാട്ടുന്ന രണ്ടു വിദ്യാർത്ഥികൾക്ക് എം.എൽ.എ.യുടെ പേരിൽ സ്വർണമെഡൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കൽ ശ്രീ മല്ലികാർജുന ക്ഷേത്ര പരിസരത്ത് കുഡുംബി മഹാജന സഭ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. പത്താം ക്‌ളാസിലും പ്ലസ്ടുവിനും മികച്ച വിജയം നേടുന്ന ഓരോ വിദ്യാർത്ഥികൾക്കാണ് സ്വർണമെഡൽ സമ്മാനിക്കുക. എം.എൽ.എയെ സഭാ പ്രസിഡന്റ് പി. ജി. രമേശ് പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. മോഹനൻ, കെ.എസ്. സിനോജ്കുമാർ, ചിന്താമണി, പി.ആർ. അശോകൻ, കെ.കെ. ബിജു എന്നിവർ സംബന്ധിച്ചു.