പെരുമ്പാവൂർ: ക്രാരിയേലിയിൽ പൊതുതോട് കൈയേറിയ സംഭവം വിവാദമായതിനെത്തുടർന്ന് തോട് അളന്നുതിരിക്കാൻ നിർദേശം. ഞായറാഴ്ച കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ സി.ഐ ജെ. പ്രദീപിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് നിർദേശം. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ക്രാരിയേലി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞദിവസം പൊതുതോട് കൈയേറി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടയുകയും കുറേഭാഗം പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് ഇരുവിഭാഗത്തേയും ചർച്ചയ്ക്കു വിളിച്ചത്. കൈയേറ്റം സംബന്ധിച്ച് നാട്ടുകാർ നൽകിയ പരാതിയിൽ മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മൂവാറ്റുപുഴ ആർ.ഡി.ഒ. കുന്നത്തുനാട് തഹസിൽദാരോട് നിർദേശിച്ചിട്ടുണ്ട്. ഇതിനായി കൊമ്പനാട് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.