കൊച്ചി: കൊച്ചിയിൽ 55 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) ഇന്റലിജൻസ് ബ്യൂറോയും (ഐ.ബി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ അറസ്റ്റിലായ കണ്ണൂർ പാപ്പിനിശേരി സ്വദേശി റാഷിദ് (37), കാലടി സ്വദേശി നിസാം (31) എന്നിവരെ ഇന്നലെ മുളവുകാട് സ്റ്റേഷനിൽ എത്തി കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ സംയുക്തമായി ചോദ്യം ചെയ്തു. കള്ളപ്പണവുമായി യുവാക്കൾ പിടിയിലായ വിവരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു എൻ.ഐ.എ, ഇ.ഡി, ഐ.ബിയടക്കമുള്ള കേന്ദ്ര ഏജൻസികളെ അറിയിച്ചിരുന്നു.

മംഗളൂരുവിൽ ദേശീയപാതയിൽ 1.7 കിലോ സ്വർണം കവർന്ന കേസിലെ പ്രതിയാണ് റാഷിദ്. ഈ സ്വർണം ജുവലറികൾക്ക് കൈമാറിയാണ് 55 ലക്ഷം സമ്പാദിച്ചതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. സ്വർണക്കവർച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി കർണാടക പൊലീസ് ഇന്നലെ കൊച്ചിയിൽ എത്തി പ്രതികളെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇവരിൽ നിന്ന് കണ്ടെടുത്ത പണം കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ദിവസം കണ്ടെയ്‌നർ റോഡിൽ ബോൾഗാട്ടി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കർണാടക പൊലീസ് എത്തിയ വിവരമറിഞ്ഞ് കച്ചേരിപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് പണവുമായി കടക്കാനുള്ള ശ്രമത്തിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്കു റാഷിദ് നൽകിയ മറുപടിയിൽ സംശയം തോന്നിയ മുളവുകാട് ഇൻസ്‌പെക്ടർ എ.സുനിൽരാജ് കാർ പരിശോധിച്ചപ്പോഴാണു ബാഗിൽ പണം കണ്ടെത്തിയത്.