കൊച്ചി: അരൂർ-ഇടപ്പള്ളി ദേശീയ പാത ബൈപ്പാസിൽ കാറുകളുടെ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തൈക്കൂടം ഒ.എ. റോഡ് ചെമ്പകശേരി ജിമ്മി ചെറിയാനാണ് (62) മരിച്ചത്. മലയാള മനോരമ സർക്കുലേഷൻ വിഭാഗം മുൻ സീനിയർ എക്സിക്യൂട്ടിവാണ് ജിമ്മി ചെറിയാൻ.
ഇന്നലെ ഉച്ചയ്ക്ക് 12.50ന് തൈക്കൂടം ഡെക്കാത്‌ലൺ യൂ ടേണിനു സമീപം അമിത വേഗത്തിലെത്തിയ കാറുകളിലൊന്ന് ബൈക്കിലിടിച്ചായിരുന്നു അപകടം.
ലോക്ഡൗണിൽ തിരക്കൊഴിഞ്ഞ റോഡിൽ വൈറ്റില ഭാഗത്തു നിന്ന് മത്സരയോട്ടം നടത്തി വരികയായിരുന്നു കാറുകൾ. ചരക്ക് ലോറിയുടെ ഇരു ഭാഗത്തു കൂടി ഇരു കാറുകളും ഓവർടേക്ക് ചെയ്തു പാഞ്ഞപ്പോഴാണ് മുന്നിൽ പോയ ബൈക്കിൽ തട്ടിയത്. ജിമ്മിയെ പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
കൊല്ലം സ്വദേശി ഉമ്മൻ കെ.ജോൺ, പള്ളുരുത്തി സ്വദേശി ശ്യാം എന്നിവരാണ് കാറുകൾ ഓടിച്ചിരുന്നത്. ഉമ്മൻ കെ.ജോണിന്റെ കാറാണ് ബൈക്കിൽ ഇടിച്ചത്. നിയന്ത്രണം വിട്ട് മറ്റൊരു കാറിലും തട്ടി. പെട്ടെന്നു ബ്രേക്കിട്ട ശ്യാമിന്റെ കാറിനു പിന്നിൽ മറ്റൊരു കാർ തട്ടി. ഓടിക്കൂടിയവർ യുവാക്കളെ തടഞ്ഞു വച്ചു. പൊലീസ് എത്തി ഇവരെ സ്റ്റേഷനിലേക്കു മാറ്റി. രണ്ടു കാറുകളിലും പെൺകുട്ടികളടക്കം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഉമ്മൻ കെ. ജോണിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
തൈക്കൂടം മണ്ഡപത്തിൽ കുടുംബാംഗം ഷേർളിയാണ് ജിമ്മി ചെറിയാന്റെ ഭാര്യ. മക്കൾ: അനിത മരിയ ജിമ്മി (ബാങ്ക് ഒഫ് ഇന്ത്യ, മാറമ്പിള്ളി ശാഖ), അമല മരിയ ജിമ്മി (ഇസാഫ്, ആലുവ). മരുമക്കൾ: അമൽ (എസ്.ബി.ഐ, തൊടുപുഴ), സോജൻ (ബിസിനസ്). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചമ്പക്കര സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ.