കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കി എറണാകുളം ജനറൽ ആശുപത്രി. 2020 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഏഴു നിലകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ മൂന്നു നിലകളാണ് കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുന്നത്. 110 കിടക്കകളുണ്ട്. ഇതിൽ 80 എണ്ണം ഓക്സിജൻ ബെഡുകളാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി നാലാം നിലയിൽ വെന്റിലേറ്റർ സൗകര്യമുള്ള 30 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യനിലയിലെ പുരോഗതി അനുസരിച്ച് രോഗിയെ താഴത്തെ നിലയിലേക്കോ അല്ലെങ്കിൽ അമ്പലമുഗളിലെ ചികിത്സാകേന്ദ്രത്തിലേക്കോ മാറ്റും.
പ്രവേശനത്തിന് മാർഗനിർദ്ദേശങ്ങൾ
എറണാകുളം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ആലുവ ജില്ലആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയിൽ വെന്റിലേറ്റർ സൗകര്യമുള്ളത്. കൺട്രോൾ റൂം വഴിയാണ് കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക. രോഗിയെ സെൻട്രൽ ഷിഫ്റ്റിംഗ് സംവിധാനം വഴിയാണ് മറ്റൊരിടത്തേക്ക് മാറ്റുക. ഉദാഹരണത്തിന് പറവൂരിൽ ചികിത്സയിലിരിക്കുന്ന രോഗി അത്യാസന്ന നിലയിലായെന്നിരിക്കട്ടെ, ബന്ധപ്പെട്ട ഡോക്ടർ കെയറിന്റെ കാർഡിൽ വിവരങ്ങൾ രേഖപ്പെടുത്തും. ഷിഫ്റ്റിംഗ് ടീം അംഗങ്ങൾ രോഗിയുടെ ചികിത്സാവിവരങ്ങൾ പരിശോധിച്ച ശേഷം വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രികളിൽ കിടക്ക ലഭ്യമാണോയെന്ന് പരിശോധിക്കും. അനുകൂല മറുപടി ലഭിച്ചാൽ വെന്റിലേറ്റർ ഉൾപ്പെടെ സംവിധാനങ്ങളുള്ള ഡി ലെവൽ ആംബുലൻസിൽ രോഗിയെ നിശ്ചിത ആശുപത്രിയിലെത്തിക്കും. രോഗിയെയും കൊണ്ടുള്ള അനാവശ്യമായ പരക്കംപാച്ചിലുകൾ ഒഴിവാക്കാമെന്നു മാത്രമല്ല വിലപ്പെട്ട ഒരുപാട് ജീവനുകൾ രക്ഷിക്കാനും ഈ സംവിധാനം ഉപകരിക്കുന്നു.മറ്റു ജില്ലകളിലെ രോഗികളെ ഇങ്ങോട്ട് മാറ്റണമെങ്കിൽ ജില്ല സർവൈലൻസ് ഓഫീസ് വഴി ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെടണം. ഇത്തരം നടപടിക്രമങ്ങളെല്ലാം വളരെവേഗത്തിൽ പൂർത്തിയാകുമെന്ന് സെൻട്രൽ ഷിഫ്റ്റിംഗ് ടീം മേധാവിയും ജനറൽ ആശുപത്രിയിലെ കൊവിഡ് ആശുപത്രി നോഡൽ ഓഫീസറുമായ ഡോ.സജിത്ത് ജോൺ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലേക്ക് മാറാം
സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങളിൽ തൃപ്തിപോരാതെ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വാശി പിടിക്കുന്ന ബന്ധുക്കൾ ആശുപത്രി അധികൃതർക്ക് തലവേദനയായി മാറുന്ന ഘട്ടങ്ങളുണ്ട്. രോഗിയുടെ ആരോഗ്യനില മോശമാണെങ്കിൽ ബന്ധുക്കളെ പിന്തിരിപ്പിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിക്കും. നിർബന്ധം തുടർന്നാൽ ബന്ധപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് സംസാരിക്കും. അവിടെ നിന്ന് ആംബുലൻസ് എത്തിയശേഷം രോഗിയെ ഡിസ്ചാർജ് ചെയ്യും.ജനറൽ ആശുപത്രിയിലെ കൊവിഡ് കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്. നാലു മുതൽ ആറു മണിക്കൂർ ഇടവിട്ടാണ് ജീവനക്കാരുടെ ഷിഫ്റ്റ്.