മൂവാറ്റുപുഴ: ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മൂവാറ്റുപുഴ സ്വദേശി ഹരിശങ്കറെത്തേടി വീണ്ടും ഹാൾ ഓഫ് ഫെയിം അംഗികാരം. ഗൂഗിൾ സബ് ഡൊമൈനിൽ ആർക്കും പ്രവേശിക്കാവുന്ന ടെക്സ്റ്റ് ഫീൽഡിലെ ക്രോസ് സൈറ്റ് സ്ക്രിപ്ടിംഗാണ് ഹരിശങ്കർ കണ്ടെത്തിയത്. ഗൂഗിളിന്റെ ഡേറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്നതും വ്യക്തികൾ മറച്ചുവെച്ചിരിക്കുന്നതുമായ വിവരങ്ങളും ചോർത്താമെന്ന് 2017ൽ കണ്ടെത്തിയപ്പോഴും ഹരിശങ്കറിന് ഹാൾഓഫ് ഫെയിം അംഗീകാരം ലഭിച്ചിരുന്നു. പ്രധാന ഡൊമെയ്നുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഓഫ് ഫെയിം അംഗീകാരം നൽകുന്നത്.
മേയ് ആദ്യമാണ് ഗൂഗിൾ സബ്ഡൊമെയ്നിലെ സുരക്ഷാവീഴ്ച അധികൃതരെ അറിയിച്ചത്. ജൂൺ അഞ്ചിന് ഇതിനുള്ള മറുപടി ലഭിച്ചു. മെർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന ഹരിശങ്കർ നേരത്തെയും നിരവധി കമ്പനികളുടെ ഡിജിറ്റൽ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. കണ്ടെത്തിയ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നതാണ് ഗൂഗിൾ നിയമം. തെറ്റ് കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. ഇന്റൽ, മീഡിയഫയർ, ടൈംസ് ഓഫ് ഇന്ത്യ, ബൈജൂസ് ആപ്പ് എന്നീ കമ്പനികളുടെ അംഗീകാരവും ഹരിശങ്കറിന് ലഭിച്ചിട്ടുണ്ട്.