മൂവാറ്റുപുഴ: ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടപ്പാക്കിവരുന്ന ഹരിതം സഹകരണം പദ്ധതിക്ക് പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തുടക്കമായി. പായിപ്ര ഗവ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് പുളിമരത്തൈ നട്ടു. ബാങ്ക് വൈസ് പ്രസിഡന്റ് വി .എസ്. മുരളി, ബോർഡ് മെമ്പർമാരായ ഇ.എ. ഹരിദാസ്, എം.എച്ച്. മൈതീൻ, കെ.എസ്. രാങ്കേഷ്, ജെബി ഷാനവാസ്, പുഷ്പ ശ്രീധരൻ , എച്ച് .എം ഇൻ ചാർജ് കെ.എം. നൗഫൽ, പി.എം. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. സംഘത്തിന്റെ നേതൃത്വത്തിൽ മുഴുവൻ മെമ്പർമാർക്കും പൊതുസ്ഥാപനങ്ങൾക്കും നടുന്നതിനായി പുളിമരത്തൈയാണ് ഈ വർഷം നൽകുന്നത്. ഇതിന്റെ പരിപാലനവും ബാങ്ക് ഉറപ്പുവരുത്തും.
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 2018 മുതൽ 2022 വരെയുള്ള അഞ്ച് വർഷക്കാലം 'തീം ട്രീസ് ഓഫ് കേരള' എന്ന പേരിൽ കേരളത്തിന്റെ തനത് വൃക്ഷങ്ങളായ പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എന്നീ അഞ്ച് ഇനം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഒാരോ വർഷവും ഒരു ഇനം വീതം ഒരുലക്ഷം തൈകൾ പദ്ധതി പ്രകാരം നട്ടുപിടിപ്പിക്കും.