വൈപ്പിൻ: കടൽക്ഷോഭത്തിലും കൊവിഡ് പ്രതിസന്ധിയിലും ദുരിതമനുഭവിക്കുന്ന വൈപ്പിന് കൈത്താങ്ങുമായി കോതമംഗലം ജനകീയ കൂട്ടായ്മ. സംഘടനയിലെ അംഗങ്ങൾ മുൻകൈയെടുത്ത് സമാഹരിച്ച ഒൻപത് ടൺ ഭക്ഷ്യവസ്തുക്കൾ നാലുവാഹനങ്ങളിലായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്‌കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് എത്തിച്ചു നൽകി. കോതമംഗലം ജനകീയ കൂട്ടായ്മ ചെല്ലാനത്തെ ദുരിതബാധിതർക്ക് നേരത്തെ 16 ടൺ ഭക്ഷ്യവസ്തുക്കൾ കൈമാറിയിരുന്നു. ജൂനിയർ റെഡ്ക്രോസ് കേഡറ്റ് യൂണിറ്റാണ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ജനകീയകൂട്ടായ്മയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനെത്തുടർന്നാണ് അരി, പലവ്യഞ്ജനങ്ങൾ, തേങ്ങ, പച്ചക്കറികൾ എന്നിവയും സോപ്പ് പൊടി, തോർത്ത്, സാനിറ്ററി നാപ്കിൻ തുടങ്ങിയ അവശ്യവസ്തുക്കളും എത്തിച്ചത്.
ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സി. രത്നകല, സീനിയർ ക്ലാർക്ക് എം.സി. നന്ദകുമാർ, എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, പഞ്ചായത്ത് അംഗം കെ.ജെ. ആൽബി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജനകീയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, ബോബി ഉമ്മൻ, ബിനു അത്തിത്തോട്ടം, മാത്യൂസ് കെ.സി, രാജീവ് എസ്. നായർ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം എത്തിച്ച 2000 കിലോ കപ്പയും 1500 കിലോ പൈനാപ്പിളും 1200 കിലോ ചക്കയും ബ്രഡ്, ബൺ എന്നിവയും വാർഡുകളിൽ വിതരണം ചെയ്യാനായി റെഡ്ക്രോസ് യൂണിറ്റ് കൗൺസിലറായ അജിഷ ജോൺ പഞ്ചായത്ത് അംഗങ്ങളായ അജാസ് അഷറഫ്, ബിസനി പ്രദീഷ്‌കുമാർ, ആനന്ദവല്ലി ചെല്ലപ്പൻ എന്നിവർക്ക് കൈമാറി. മറ്റുള്ളവ അർഹരായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നൽകും.