രാമമംഗലം: മണീട് പഞ്ചായത്ത് മൂന്നാംവാർഡ് നിവാസികൾക്കായി സ്പേഹപ്പന്തലിൽ സ്നേഹം മാത്രമല്ല ഒപ്പം പലചരക്കും പച്ചക്കറിയും കിട്ടും. കൊവിഡിൽ നാടാകെ വലയുമ്പോൾ അവശ്യവസ്തുക്കൾ ജനങ്ങൾക്ക് അല്ലലില്ലാതെ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ പഞ്ചായത്ത് അംഗം ആഷ്ലി എൽദോയുടെ മനസിലുദിച്ച ആശയമാണ് സ്നേഹപ്പന്തലായി വളർന്നത്. വെട്ടിത്തറ കൊച്ചുപള്ളിത്താഴം റോഡ് അരികിലാണ് അരിയും ഉപ്പും വെളിച്ചെണ്ണയും പഞ്ചസാരയും തേയിലയും പച്ചക്കറികളുമുൾപ്പെടെ എന്തും ഇവിടെ ലഭ്യമാണ്. ആർക്കും ആവശ്യമുള്ള സാധനങ്ങളെടുത്ത് മടങ്ങാം. ഇനി എന്തെങ്കിലും സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പെട്ടിയും സ്‌നേഹപ്പന്തലിൽ ഉണ്ട്. പണം നൽകാത്തവർക്ക് പന്തലിൽ പക്ഷഭേദമില്ല.
വീടുകളിൽ ആവശ്യത്തിൽ അധികമുള്ള ഭക്ഷ്യവസ്തുക്കൾ കപ്പയോ ചേമ്പോ ചക്കയോ വാഴപ്പിണ്ടിയോ എന്തുതന്നെ ആയാലും സ്‌നേഹപ്പന്തലിൽ എത്തിച്ച് ആവശ്യമുള്ള മറ്റു വസ്തുക്കൾ എടുത്ത് മടങ്ങാം. മണീട് പഞ്ചായത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം. എം.ബി.എ ബിരുദധാരിയും പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാഅംഗവുമായ ആഷ്‌ലി എൽദോയുടെ മനസിലുദിച്ച ആശയമറിഞ്ഞ് സമീപ പഞ്ചായത്തുകളിൽ നിന്നുവരെ എത്തുന്നവർക്ക് ഇതേക്കുറിച്ച് പറയാൻ നൂറുനാവാണ്. നേരത്തെ 15 വർഷങ്ങളായി കുടിവെള്ളം എത്താതിരുന്ന കുരുത്തോലത്തണ്ട് കോളനിയിൽ വെള്ളമെത്തിച്ചും ആഷ്‌ലി ശ്രദ്ധേയനായിരുന്നു.