photo
കിടപ്പുരോഗികൾക്ക് വിഭവസമൃദ്ധ ഭക്ഷ്യക്കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം എടവനക്കാട് എസ് എൻ സ്മാരക സാമൂഹ്യ സേവാസംഘം ഹാളിൽ കെ. എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു.

വൈപ്പിൻ: കൊവിഡ് മഹാമാരിയെത്തുടർന്ന് കടുത്ത ദുരിതത്തിലായ കിടപ്പുരോഗികൾക്ക് വിഭവസമൃദ്ധ ഭക്ഷ്യക്കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. വിതരണത്തിനായി ആദ്യകിറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വൈപ്പിൻ ഏരിയാ സെക്രട്ടറിയുമായ കെ.എ. സാജിത്ത് ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ. എടവനക്കാട് മേഖലാ കമ്മിറ്റി സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും കിഴങ്ങുകളും പഴവർഗങ്ങളും ഉൾപ്പെടുന്ന അഞ്ചുവീതം കിറ്റുകളാണ് കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മുഖേന ഓരോ കിടപ്പുരോഗിക്കും എത്തിക്കുന്നത്. എടവനക്കാട് പ്രദേശത്തെ എഴുപത്തഞ്ചു കിടപ്പുരോഗികൾക്ക് കിറ്റ് നൽകും. എടവനക്കാട് നോർത്ത് എസ്.എൻ. സ്മാരക സാമൂഹ്യ സേവാസംഘം ഹാളിൽ നടന്ന ചടങ്ങിൽ എ.എ. സാദിഖ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ശ്യാംജിത്ത്, എൻ.എ. റിഷൽ എന്നിവർ പ്രസംഗിച്ചു.