poyali
പോയാലി മല

മൂവാറ്റുപുഴ: ടൂറിസത്തിന് വൻ സാദ്ധ്യതയുള്ള പോയാലി മല ലഹരിയുടെ കേന്ദ്രമായി മാറുന്നു. പോയാലി മല ലഹരി ഉപഭോക്താക്കളുടെ താവളമായി മാറിയിട്ട് കാലങ്ങളേറെയായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പോയാലി സന്ദർശിക്കുവാൻ എന്ന വ്യാജേന പല ഭാഗങ്ങളിൽ നിന്നും ലഹരി ഉപയോഗക്കാർ ഇവിടെ എത്തുന്നത് പതിവാണ്. ഏകദേശം അരമണിക്കൂർ പാറകെട്ടുകളിലൂടെ ചാടി കടന്നാൽ മാത്രമെ മലയുടെ മുകളിൽ എത്തുവാൻ കഴിയൂ.

കൊവിഡിന് മുൻപ് വിനോദ സഞ്ചാരികളും പ്രകൃതി ആസ്വാദകരും അല്ലാതെ മറ്റാരും മലയിലേക്ക് കയറാറില്ല. മലയുടെ പരിസര പ്രദേശങ്ങളിൽ വീടുകളും കുറവാണ്. ഇതെല്ലാം ലഹരി ഉപഭോക്താക്കൾക്ക് തങ്ങളുടെ വിഹാരകേന്ദ്രമാക്കിമാറ്റാൻ പറ്റിയ സാഹചര്യമായി. രാവിലെ എത്തുന്നവർ രാത്രിയായലും പോകാൻ കൂട്ടാക്കാറില്ല.ചില രാത്രികളിലും ഇവർ ഇവിടെ തമ്പടിക്കാറുള്ളതായിട്ടാണ് പ്രദേശ വാസികൾ പറയുന്നത്.

പ്രഖ്യാപനം കടലാസിലൊതുങ്ങി

മൂവാറ്റുപുഴ നഗരത്തിൽ നിന്നും ഒൻമ്പത് കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ 2, 3,വാർഡുകളിലായി കിടക്കുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പഞ്ചായത്തിന്റെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ നാളിതുവരെയായിട്ടും തുടർനടപടികളൊന്നും ഉണ്ടായില്ല.


സമൂഹിക മാദ്ധ്യമങ്ങളിലൂടെ വഴി അന്വേഷിച്ച് അറിഞ്ഞാണ് പോയാലി മലയിലേക്ക് ലഹരി ഉപഭോക്താക്കൾ എത്തിചേരുന്നത്. രാത്രി കാലങ്ങളിൽ യുവാക്കൾ ക്യാമ്പ് ചെയിത് ലഹരി വസ്തുകൾ ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ നേത്യത്വത്തിൽ വേലി കെട്ടി തിരിച്ച് ഗെയിറ്റ് വെയ്ക്കുകയും കാവൽക്കരെ നിയോഗിക്കകയും ചെയ്ത് പോയാലി മലയെ സംരക്ഷിക്കണം.

പി.എം.നൗഫൽ,ജോയിറ്റ് സെക്രട്ടറി, യുണൈറ്റഡ് ലൈബ്രറി