കോലഞ്ചേരി: മനക്കകടവ് - നെല്ലാട്, മണ്ണൂർ - പോഞ്ഞാശേരി റോഡുകളുടെ നിർമ്മാണം പുനരാരംഭിക്കാൻ കിഫ്ബി, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി അധികൃതരുടെ ഉന്നതതലയോഗം വിളിച്ചുചേർക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ .പി.വി. ശ്രീനിജിൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായാണ് ഇക്കാര്യമറിയിച്ചത്.
കുന്നത്തുനാട് , പെരുമ്പാവൂർ നിയോജക മണ്ഡലങ്ങളിലുടെ കടന്നുപോകുന്ന മണ്ണൂർ- പോഞ്ഞാശേരി റോഡ് 23.75 കോടി അടങ്കലിൽ 2016 ഒക്ടോബർ 2 ന് നിർമാണം ആരംഭിച്ചു. 2020 ഏപ്രിൽ 26ന് കാലാവധി അവസാനിച്ചതാണ്. ഇതുവരെ പെരുമ്പാവൂർ മണ്ഡലത്തിലെ 6.5 കിലോമീറ്റർ ഒന്നാംഘട്ട ടാറിംഗ് പൂർത്തീകരിച്ചു. കുന്നത്തുനാട്ടിൽ വരുന്ന 5 കിലോമീറ്റർ സൈക്കിളിൽപോലും സഞ്ചരിക്കാൻ പറ്റാത്ത തരത്തിൽ പൊളിച്ചുമാറ്റിയിരിക്കുകയാണ്.
2018 ജൂലായ് 20ന് കിഫ്ബി പദ്ധതിവഴി നിർമ്മാണം ആരംഭിച്ച മനക്കക്കടവ് - കിഴക്കമ്പലം -പട്ടിമറ്റം - നെല്ലാട് റോഡിന്റെ പണിയുടെ കാലാവധി 2020 ജനുവരി 20ന് അവസാനിച്ചു. 22 കിലോമീറ്റർ നിർദ്ദിഷ്ട റോഡിന്റെ 30 ശതമാനംപോലും പൂർത്തീകരിച്ചിട്ടില്ല. എറണാകുളം - തേക്കടി സംസ്ഥാനപാതയിലെ 15 കിലോമീറ്റർ ദൂരം ഇതിൽ ഉൾപ്പെടുന്നതാണ്. കഴിഞ്ഞ 8 വർഷമായി പാച്ച് വർക്കുപോലും നടത്താൻ കഴിയാതെ അതീവ ദുർഘടമായ നിലയിലാണ് റോഡിന്റെ അവസ്ഥ. കാലാവധി കഴിഞ്ഞ പദ്ധതി അവസാനിച്ചതായി പ്രഖ്യാപിച്ച് കോൺട്രാക്ടർ നിർമാണം നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എം.എൽ.എ ഇടപെട്ട് നെല്ലാട് റോഡിലെ വലിയ കുഴികൾ അടച്ചത് മാത്രമാണ് ഏക ആശ്വാസം. റോഡുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ശ്രീനിജിൻ അറിയിച്ചു.