സർവീസ് ചാർജ് കുറച്ച് കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കണം
നെടുമ്പാശേരി: വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയിൽ റെയിൽവേ ലൈനിനോട് ചേർന്ന് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന 100 ഏക്കറിൽ എയർപോർട്ട് സിറ്റി സ്ഥാപിക്കാനുള്ള ബൃഹദ് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയതായി കൊച്ചി രാജ്യാന്തര വിമാനത്താവളം മാനേജിംഗ് ഡറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം നടത്തിയ പത്രസമ്മേളനത്തിൽ വി.ജെ. കുര്യൻ പറഞ്ഞു. ഫുഡ് ഔട്ട്‌ലെറ്റുകൾ, ഹൈഡ്രജൻ വാഹനചാർജിംഗ് സംവിധാനം, ഷോപ്പിംഗ് മാൾ തുടങ്ങിയവയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ബദൽ വരുമാന മാർഗം കണ്ടെത്തുകയാണ് ലക്ഷ്യം.
ലാൻഡിംഗ് - പാർക്കിംഗ് നിരക്കുകൾ പൂർണമായി ഒഴിവാക്കി കൂടുതൽ വിമാനക്കമ്പനികളെ കൊച്ചിയിലേക്ക് ആകർഷിക്കണം. 2030-ാടെ ഇത് സാധ്യമാക്കാനുള്ള പദ്ധതി സിയാൽ ആവിഷ്കരിച്ചിട്ടുണ്ട്.
പുതിയ ടെർമിനൽ സ്ഥാപിച്ചതോടെ ഒഴിവുണ്ടായ സ്ഥലത്ത് യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ താമസിക്കുന്നതിന് സൗകര്യമൊരുക്കും. 500 രൂപക്ക് വരെ താമസിക്കാൻ കഴിയും. ഇത് സ്ത്രീകൾക്കായിരിക്കും ഏറെ പ്രയോജനപ്രദമാകുക.
അതിവേഗ റെയിൽ പദ്ധതിക്കായി ഒരേക്കർ ഭൂമിവിട്ടു നൽകാനും ഇതിനായി നെടുമ്പാശേരിയിൽ സ്‌റ്റേഷൻ നിർമ്മിച്ചു നൽകാനും സിയാൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സിയാൽ മേൽനോട്ടം വഹിച്ച പയ്യന്നൂരിലെ 12 മെഗാവാട്ട് പദ്ധതിയും അരിപ്പാറ ജലവൈദ്യുതപദ്ധതിയും ഈ മാസം തന്നെ കമ്മിഷൻ ചെയ്യും.
കൊറോണയെ തുടർന്ന് രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചതോടെ 80 കോടിയോളം രൂപയുടെ പ്രവർത്തന നഷ്ടമുണ്ട്. എന്നാലും നടപ്പ് വർഷം 16 കോടിയോളം ലാഭമുണ്ട്. സിയാലിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ല.
സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. കുറച്ചു കാലം സ്വന്തം ഭൂമിയിൽ കാർഷികവൃത്തിയിലും മറ്റും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആഗ്രഹം. സിയാലിന്റെ വികസന പദ്ധതിക്ക് എല്ലാ മുഖ്യമന്ത്രിമാരും മത്സരബുദ്ധിയോടെ തന്നെയാണ് പിന്തുണ നൽകിയതെന്നും കുര്യൻ പറഞ്ഞു.