s-suhas

കളമശേരി: പെരിയാറിന്റെ തീരങ്ങളിലും കൈവഴികളിലും കളക്ടർ എസ്.സുഹാസിന്റെ മിന്നൽ സന്ദർശനം. വ്യവസായ വകുപ്പു മന്ത്രി പി .രാജീവിന്റെ നിർദ്ദേശ പ്രകാരമാണ് കളക്ടറും സംഘവും സന്ദർശനം നടത്തിയത്.

മഴക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് സുഗമമാക്കി രൂക്ഷമാകാൻ ഇടയുള്ള വെള്ളപ്പൊക്ക സാദ്ധ്യതകൾ നിയന്ത്രണ വിധേയമാക്കാനുള്ള വിശദമായ പദ്ധതിക്ക് രൂപം നൽകുന്നതിന് മുന്നോടിയായിരുന്നു പരിശോധന. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് വിശദമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിനും മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ബാജി ചന്ദ്രനെ ചുമതലപ്പെടുത്തി. ഏലൂർ മുൻസിപ്പൽ ചെയർമാൻ എ. ഡി സുജിൽ, കുന്നു കര പഞ്ചായത്ത് പ്രസിഡന്റ് സൈനസാബു , ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, കടുങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, ഭരണ പ്രതിപക്ഷാംഗങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ. വിരവീന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ് , മേജർ മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് മുൻസിപ്പൽ ഉദ്യോഗസ്ഥർ എന്നിവർ കളക്ടറോടൊപ്പം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.

നിർദേശങ്ങൾ

1.ഏലൂർ മുൻസിപ്പാലിറ്റിയിലെ ഡിപ്പോ കടവ് പ്രദേശത്തെ അടിഞ്ഞു കൂടി കിടക്കുന്ന എക്കൽ നീക്കം ചെയ്ത് പെരിയാറിന്റെ നീരൊഴുക്ക് സുഗമമാക്കുക

2.കണ്ടെയ്നർ റോഡിലെ മാടപ്പാട്ട് കൽവെർട്ടിലെ അശാസ്ത്രീയ നിർമ്മാണം മൂലമുള്ള വെള്ളക്കെട്ട് ഒഴിവാക്കുക

3.പെരിയാറിലെ റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളിലെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുക

4.കടുങ്ങല്ലൂർ പഞ്ചായത്തിലെ ഓഞ്ഞിത്തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക

5. ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂർ കുണ്ടേലി ഇറിഗേഷൻ കനാലിലെ കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക

6.കരുമാലൂർ പഞ്ചായത്തിലെ നർണി തോട് പോളയും പുല്ലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുക

7.പെരിയാറിൽ വീണ രണ്ടു ഗർഡറുകൾ അടിയന്തിരമായി പൊട്ടിച്ച് നീക്കം ചെയ്യുക

8.കുന്നുകര പഞ്ചായത്തിലെ ചാലാക്ക കോരൻ കടവ് പഴയ പാലത്തിൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ റഗുലേറ്റുകൾ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബീമുകളും പില്ലറുകളും പൊളിച്ചു മാറ്റി മാഞ്ഞാലി തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുക

9.വിടാക്കുഴ പാടശേഖരങ്ങിലേക്ക് പോകുന്ന മുതലക്കുഴി തോട് വാട്ടർ അതോറിറ്റിയുടെ ഇൻസ്പെക്ഷൻ റോഡിലെ കൽവെർട്ടുകൾ പൊളിച്ചു പണിയുക