ആലുവ: "ചങ്കുപൊട്ടുന്നെടോ, ചന്തമില്ലാത്തൊരി കാഴ്ചകണ്ടാൽ... നൊന്തു പിടയുന്നെടോ നേരിന്റെ നനവുളള ചിരി കണ്ടിടുമ്പോൾ ..."
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കഞ്ചാവ് കച്ചവടക്കാരന്റെ ആക്രമണത്തിനിരയായി ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിന്റെ ദയനീയാവസ്ഥ കണ്ട സഹപ്രവർത്തകൻ പ്രസാദ് പാറപ്പുറം എഴുതിയ വരികളാണിത്.
മനുഷ്യത്വം അവശേഷിച്ചിട്ടുള്ള ആരുടെയും മനസിനെ വേദനിപ്പിക്കുന്ന അവസ്ഥയാണ് ആശുപത്രി കിടക്കയിൽ ഇപ്പോൾ അജീഷിന്റേത്. കല്ലുകൊണ്ടുള്ള ഇടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അജീഷ് പോളിനെ കഴിഞ്ഞ ദിവസം മുറിയിലേക്ക് മാറ്റിയതിനെ തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരുമെല്ലാം കൂടെയുണ്ട്. പക്ഷെ ആരെയും അജീഷിന് തിരിച്ചറിയാനാകുന്നില്ല. പേര് പോലും ഓർമ്മയില്ല. നഴ്സറി ക്ളാസിൽ പഠിക്കുന്ന കുട്ടികളെ പോലെയാണ് സംസാരം.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ കൂടെ നിൽക്കുന്നവർ മറയൂർ പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരുമായി വീഡിയോ കോളിൽ സംസാരിക്കാൻ അജീഷിന് സൗകര്യമൊരുക്കിയിരുന്നു. എസ്.ഐ എബി ഉൾപ്പെടെ പലരും സംസാരിച്ചെങ്കിലും ആരെയും തിരിച്ചറിയാനായില്ല. വനിതാ പൊലീസുകാരി കവിതയെ കണ്ടപ്പോൾ 'മാഡം' എന്ന് വിളിച്ചു. സഹപ്രവർത്തകർ തന്നെ അറിയുമോയെന്നു ചോദിക്കുമ്പോൾ ഏറെ നേരം ആലോചിച്ചിട്ടും ഓർമ്മയില്ലാതെ പേരെന്തായെന്ന് ചോദിക്കും.
അജീഷിന്റെ ദയനീയ സ്ഥിതി വാട്സ് ആപ്പ് ഗ്രൂപ്പുകളിലെല്ലാം വേദനയോടെ ആളുകൾ പങ്കുവയ്ക്കുന്നുണ്ട്.