കളമശേരി: ഏലൂർ ഡിപ്പോകടവിലെ എക്കൽ നീക്കം ചെയ്യാൻ വേണ്ടത് 3.5 കോടി രൂപ. ജലസേചന വകുപ്പാണ് ഇക്കാര്യം കളക്ടറെ അറിയിച്ചത്. അതേസമയം ഇക്കാര്യം അടിയന്തിരമായി സർക്കാരിൽ ശ്രദ്ധയിൽക്കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. മുട്ടിനകം കടവു മുതൽ മേത്താനം ഭാഗം വരെ പുഴ പകുതി ഭാഗത്തോളം എക്കൽ നിറഞ്ഞു കിടക്കുകയാണ്. മഞ്ഞുമ്മൽ , മുട്ടാർ , ഇടമുള കടവുകളിലെ എക്കൽ നീക്കംചെയ്യുന്ന പദ്ധതി വേഗത്തിലാക്കണമെന്ന് വിവിധ രാഷ്ട്രീയ പാ‌ർട്ടികളും നാട്ടുകാരും കളക്ടറോട് ആവശ്യപ്പെട്ടു.

മഞ്ഞുമ്മൽ ഭാഗത്ത് നാഷണൽ ഹൈവേക്ക് കുറുകെ കടന്നു പോകുന്ന എമ്പാടം-മാടപ്പാട്ട് തോട് ഇപ്പോൾ കിടക്കുന്ന ചെറിയ പൈപ്പ് മാറ്റി കൂടുതൽ വിസ്തീർണമുള്ള പൈപ്പ് സ്ഥാപിക്കണമെന്ന ആവശ്യം നാഷണൽ ഹൈവേ അധികൃതരുമായി കൂടിയാലോചിച്ച് പരിഹരിക്കാമെന്ന് കളക്ടർ ഉറപ്പു നൽകി.മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർപേഴ്സൺ ലീല ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.എം. ഷെനിൽ, പി.എ.ഷെറീഫ്, ദിവ്യാ നോബി കൗൺസിലർമാർ മാരായ പി.എം. അയൂബ്, എസ്.ഷാജി, ലൈജി സജീവൻ , സീമാ സിജു,സെക്രട്ടറി പി.കെ.സുഭാഷ്, മുനിസിപ്പൽ എൻജിനീയർ കെ.ആർ.സുഭാഷ് എന്നിവരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.