mfar

കൊച്ചി: എം.ഫാർ ഹോട്ടൽസ് ആൻഡ് റിസോർട്‌സ് ലിമിറ്റഡ് മാലദ്വീപിലെ കുഡ വില്ലിംഗ്‌ലിൽ റിസോർട്ട് ആരംഭിച്ചു. റിസോർട്ടിന്റെ ആദ്യ അതിഥിയായ മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് സുധീർ ഉദ്ഘാടനം നിർവഹിച്ചു. 40 ഏക്കർ വിസ്തൃതിയുള്ള ദ്ദ്വീപിലെ റിസോർട്ടിലേയ്ക്ക് വേലാനാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരമണിക്കൂർ സ്പീഡ് ബോട്ടിൽ സഞ്ചരിച്ചാൽ എത്താം. 1,000 കോടി രൂപയാണ് നിക്ഷേപം. മാലിദ്വീപിലെ 20 ഏക്കർ വിസ്തൃതിയുള്ള ഒരു ദ്വീപും എം.ഫാർ ഏറ്റെടുത്തിട്ടുണ്ട്.

59 ബീച്ച് വില്ലകൾ, 36 വാട്ടർ വില്ലകൾ, സിമ്മിംഗ് പൂളുകൾ എന്നിവയടങ്ങുന്നതാണ് റിസോർട്ട്. മൂന്ന് വൈവിദ്ധ്യമാർന്ന ഭക്ഷണശാലകൾ റിസോർട്ടിലുണ്ടെന്ന് എം.ഫാർ ഗ്രൂപ്പ് സ്ഥാപകൻ ഡോ.പി. മുഹമ്മദ് അലി പറഞ്ഞു.

ലെ മെറിഡിയൻ കൊച്ചി, ദി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കൊച്ചി, ദി വെസ്റ്റിൻ ചെന്നൈ, ദി റാഡിസൺ കളക്ഷൻസ് ബൈ ഹോർമുസ് ഗ്രാൻഡ്, മസ്‌കറ്റ്, ഒമാൻ എന്നിവ എം.ഫാർ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ബീച്ച് റിസോർട്ട് നിർമിക്കാൻ ശ്രീലങ്കയിലും ഭൂമി ഏറ്റെടുത്തിട്ടുണ്ട്.