കൊച്ചി: കടലിലെ ജൈവസമ്പത്തും മത്സ്യസമൃദ്ധിയും തകർക്കുന്ന പ്‌ളാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ കടലിന്റെ മക്കളുമായി കൈകോർത്തുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് വിദഗ്ദ്ധർ. പുഴകളിലും ജലാശയങ്ങളിലും പ്‌ളാസ്റ്റിക് തള്ളുന്നത് തടയാൻ നിയമം കർക്കശമായി നടപ്പാക്കണം.
ലോക കടൽ ദിനമായ ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച 'കടലമ്മയുടെ ജീവനെടുക്കുന്നു, പ്‌ളാസ്റ്റിക് മാലിന്യങ്ങൾ' എന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അവർ.
മത്സ്യത്തിനൊപ്പം പ്‌ളാസ്റ്റിക്കും
മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ മാത്രമേ പ്‌ളാസ്റ്റിക് മാലിന്യം കുറയ്ക്കാൻ കഴിയൂവെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല മുൻ ഡയറക്ടറും ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ കേരള ഘടകം ചെയർമാനുമായ ഡോ. കെ.വി. ജയചന്ദ്രൻ പറഞ്ഞു. മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങുന്ന പ്‌ളാസ്റ്റിക് വസ്തുക്കൾ കരയിലേക്ക് കൊണ്ടുവന്ന് പുനഃസംസ്കരണത്തിന് കൈമാറണം. സർക്കാർ ഇതിന് പദ്ധതി തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കണം.
മാതൃക മാരാരിക്കുളം
ആലപ്പുഴ മാരാരിക്കുളം പഞ്ചായത്തിലെ 18-ാം വാർഡിൽ വിദ്യാർത്ഥികളുടെ സഹായത്തോടെ തീരത്തുനിന്ന് പ്‌ളാസ്റ്റിക് ഒരുവർഷം തുടർച്ചയായി ശേഖരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും പിന്തുണ നൽകി. കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിയെങ്കിലും സ്വീകാര്യമായ മാതൃകയാണിത്.
തോടുകൾ, നദികൾ
മണ്ണിലും നദിയിലും തോടുകളിലും പ്‌ളാസ്റ്റിക് തള്ളിയാൽ ഒഴുകിയെത്തുക കടലിലാണ്. ഇത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് പ്രതിരോധമന്ത്രാലയത്തിന് കീഴിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലാബോറട്ടീസ് (എൻ.പി.ഒ.എൽ.) മുൻ ഡയറക്ടർ ഡോ. സത്യനാരായണൻ പറഞ്ഞു. ഉറവിടത്തിലേ പ്‌ളാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കാൻ സൗകര്യം ഒരുക്കണം. ശേഖരിക്കാനും സംസ്‌കരിക്കാനും പുനരുപയോഗത്തിനും സർക്കാർ സംവിധാനം ഒരുക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
ബീച്ചിൽ വേണ്ട പ്‌ളാസ്റ്റിക്
ബീച്ചുകളിലും തീരപ്രദേശത്തും പ്‌ളാസ്റ്റിക് ഉപയോഗം പരമാവധി നിരുത്സാഹപ്പെടുത്തണം. ബീച്ചുകളിൽ തള്ളുന്ന പ്‌ളാസ്റ്റിക് നേരിട്ട് കടലിലെത്തും. സഞ്ചാരികൾ ധാരാളമെത്തുന്ന ബീച്ചുകളിലെ വ്യാപാരസ്ഥാപനങ്ങളിൽ പ്‌ളാസ്റ്റിക് ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.