onjithodu
ജില്ലാ കളക്ടർ എസ്. സുഹാസ് ഓഞ്ഞിത്തോടിന്റെ ഭാഗമായ കീരപ്പിള്ളി ഭാഗത്ത് സന്ദർശനം നടത്തിയപ്പോൾ

ആലുവ: കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ ഓഞ്ഞിത്തോട് അടിയന്തരമായി നവീകരിക്കുന്നതിന് പത്തുലക്ഷം രൂപ അനുവദിച്ചു. മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന വിവിധ വകുപ്പ് മേധാവികളുടെ ഓൺലൈൻ യോഗത്തിനുശേഷം ജില്ലാ കളക്ടർ എസ്. സുഹാസ് ഓഞ്ഞിത്തോടിന്റെ ഭാഗമായ ഏലൂക്കര കീരപ്പിള്ളി ഭാഗം സന്ദർശിച്ചു.

കടുങ്ങല്ലൂരിലെ ഏലൂക്കരയിൽ നിന്നാരംഭിച്ച് ആലങ്ങാട് പഞ്ചായത്തിലെ മേത്താനത്താണ് ഓഞ്ഞിത്തോട് അവസാനിക്കുന്നത്. കടുങ്ങല്ലൂർ പഞ്ചായത്തിന്റെ ഭാഗമായ അഞ്ച് കിലോമീറ്റർ ആലുവ മൈനർ ഇറിഗേഷനും ആലങ്ങാട് പഞ്ചായത്തിന്റെ ഭാഗമായ രണ്ടര കിലോമീറ്റർ പറവൂർ മൈനർ ഇറിഗേഷന്റെയും നേതൃത്വത്തിൽ നവീകരിക്കും.

 നിലവിൽ മാലിന്യംനിറഞ്ഞ് നീരൊഴുക്കില്ല

പായലും മാലിന്യങ്ങളും നിറഞ്ഞ് ഓഞ്ഞിത്തോടിലെ നീരൊഴുക്ക് ഏറെനാളുകളായി നിലച്ചുകിടക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞമാസം 24ന് ഓഞ്ഞിത്തോടിലും പരിസരത്തെ പാടശേഖരങ്ങളിലെയും വെള്ളം കറുത്ത നിറത്തിലാകുകയും മത്സ്യങ്ങൾ ചത്തുപൊങ്ങിയതും. വിദഗ്ദ്ധ പരിശോധനയിൽ വെള്ളത്തിൽ ഓക്സിജന്റെ അളവ് നാമമാത്രമായതിനാൽ മുപ്പത്തടം ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം നിർത്തിവെയ്ക്കുകയും ചെയ്തു.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലും ഓഞ്ഞിത്തോട് നവീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് ഓഞ്ഞിത്തോട് നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നു. ജലവിഭവവകുപ്പ്, വാട്ടർ അതോറിറ്റി, പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ അദ്ധൃക്ഷരെയും ഉൾപ്പെടുത്തി മന്ത്രി പി. രാജീവ് ഇന്നലെ വിളിച്ചുചേർത്ത യോഗത്തിൽ ഓഞ്ഞിത്തോട് അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ വീണ്ടും ആവശ്യപ്പെട്ടു. ഇറിഗേഷൻ ഉദ്യോഗസ്ഥർക്കൊപ്പം കടുങ്ങല്ലൂർ പഞ്ചായത്ത് അംഗങ്ങളും കളക്ടർക്കൊപ്പമുണ്ടായിരുന്നു.