തോപ്പുംപടി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. ഇനിയുള്ള 52 ദിവസങ്ങൾ ബോട്ടുകൾക്ക് വിശ്രമ കാലമാണ്.രാത്രിയോടു കൂടി ബോട്ടുകൾ ഹാർബറിൽ അടുത്തു.സംസ്ഥാനത്ത് 3600 ബോട്ടുകളാണ് മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ ഇൻബോഡ് വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. കടലിൽ 24 മണിക്കൂറും നേവിയുടെയും കോസ്റ്റൽ പൊലീസിന്റേയും ബോട്ടുകൾ പരിശോധന ക്കുണ്ടാകും. നിരോധനം ലംഘിക്കുന്ന ബോട്ടുകൾ പിടിച്ചുകെട്ടി പിഴ ഈടാക്കുമെന്ന് അധികാരികൾ അറിയിച്ചു.ഇന്നലെ രാത്രിയോടെ തന്നെ കായലോരത്തെ ഇന്ധന പമ്പുകൾ അടച്ചു. ഹാർബറുമായി അനുബന്ധപ്പെട്ട് കിടക്കുന്ന ചെറുകിട കച്ചവടക്കാരും, ഐസ് കമ്പനികളും, കയറ്റുമതി ഫാക്ടറികളും ഇനി മുതൽ നിശ്ചലമാകും.സംസ്ഥാനത്തെ ഫാക്ടറികളിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട മത്സ്യങ്ങളും മറ്റും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കെട്ടിക്കിടക്കുന്നതുമൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ബോട്ടുകളും വള്ളങ്ങളും മറ്റും ഇനി യാർഡുകളിൽ അറ്റകുറ്റപണികളിൽ ഏർപെടും.എന്നാൽ പണി കഴിഞ്ഞ് ഇറക്കുമ്പോൾ കൊടുക്കാൻ പണമില്ലാത്തതിനാൽ പലരും റിപ്പയറിംഗിന് മടിക്കുകയാണ്.കഴിഞ്ഞവർഷം മാർച്ച് മുതൽ സംസ്ഥാനത്തെ പലഹാർബറുകളും ചുരുക്കം ചില മാസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്.പലപ്പോഴും അന്യസംസ്ഥാനത്തു നിന്നുമായിരുന്നു കേരളത്തിലേക്ക് മീനുകൾ എത്തിയിരുന്നത്.അന്യസംസ്ഥാന തൊഴിലാളികൾ പലരും ഇന്നലെ രാത്രിയോടെ തന്നെ സ്വന്തം നാടുകളിലേക്ക് പോയി. ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുമ്പേ പകുതി പേർ പോയിരുന്നു. തമിഴ്നാട്, കന്യാകുമാരി ഭാഗങ്ങളിൽ നിരോധനം ഇല്ലാത്തതിനാൽ മലയാളികൾക്ക് കഴിക്കണമെങ്കിൽ തഇവർ കനിയണം. ഇനി പരമ്പരാഗത തൊഴിലാളികളുടെ മീനിന് വൻ ഡിമാന്റാകും.നിലവിൽ പുഴ മീനിന് കൊള്ള വിലയാണ് ഈടാക്കുന്നത്.