ഫോർട്ടുകൊച്ചി: പൈതൃകനഗരിയായ ഫോർട്ടുകൊച്ചിയിലെ വീഥികളിൽ ചെളിനിറഞ്ഞുകിടക്കുന്നതിനാൽ ആശുപത്രിയിലേക്കുള്ളവരും വാക്സിനെടുക്കാൻ വരുന്നവരും ദുരിതത്തിൽ. കാനകളിൽനിന്ന് കോരുന്ന ചെളി അവിടവിടെ കൂമ്പാരമായി കിടക്കുന്നതിനാൽ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിരവധി ഇരുചക്രവാഹനയാത്രക്കാർ റോഡിൽതെന്നിവീണ് പരിക്കേറ്റിട്ടും ഇത് നീക്കം ചെയ്യാൻ അധികൃതർക്കായില്ല. കൊവിഡ് രോഗികൾ കൂടുതലുള്ള കൊച്ചി താലൂക്ക് ആശുപത്രി പരിസരം, ഫാത്തിമസ്കൂൾ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് ദുരിതം കൂടുതൽ. മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.