കൊച്ചി: യുവതിയെ ഫ്ളാറ്റിൽ തടഞ്ഞുവച്ച് ക്രൂരമായ പീഡനത്തിനിരയാക്കിയ തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. പ്രത്യേക അന്വേഷണസംഘം തൃശൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതും ഫലിച്ചില്ല.
എറണാകുളം മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയാണ് കണ്ണൂർ സ്വദേശിനിയായ യുവതിയെ തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ മാർട്ടിൻ ജോസഫ് പീഡിപ്പിച്ചത്. ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുകയും നഗ്നരംഗങ്ങൾ പകർത്തുകയും ചെയ്തു. ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി സെൻട്രൽ പൊലീസിൽ പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞും നടപടി സ്വീകരിച്ചില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ഉൗർജിതമായത്.
തൃശൂരിൽ തന്നെ ഇയാളുണ്ടെന്ന നിഗമനത്തിൽ പൊലീസ് സംഘം വിശദമായ പരിശോധനകൾ നടത്തി. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഒളിസങ്കേതം സംബന്ധിച്ച സൂചനകളും ലഭിക്കുന്നില്ല.