കൊച്ചി: കടൽക്ഷോഭം മൂലം തീരപ്രദേശങ്ങൾ തകരുന്നതിനെ പ്രതിരോധിക്കാൻ കൃത്രിമ സംവിധാനങ്ങൾക്ക് പകരം സ്വഭാവികമാർഗമായ കണ്ടൽക്കാടുകൾ പരമാവധി തീരപ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാൻ മുൻഗണന നൽകണമെന്ന് വിദഗ്ദ്ധരുടെ നിർദേശം. തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ കണ്ടൽച്ചെടികൾ നട്ടുവളത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ നിർദേശിച്ചു.

കടലാക്രമണം രൂക്ഷവും പതിവുമായ എറണാകുളം ജില്ലയിലെ ചെല്ലാനം, വൈപ്പിൻ മേഖലകളിൽ കൂറ്റൻ കല്ലുകൾനിരത്തി കടൽക്ഷോഭം പ്രതിരോധിക്കുന്നതാണ് പതിറ്റാണ്ടുകളായി തുടരുന്ന രീതി. കോൺക്രീറ്റ് മതിൽ നിർമിച്ച് തിരമാലകളെ തടയനുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. കോടികൾ ചെലവുള്ള പദ്ധതിക്ക് പകരം കണ്ടൽക്കാടുകൾ വ്യാപിപ്പിക്കണമെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിരവധി തീരദേശങ്ങളിൽ കടൽക്ഷോഭത്തെ ചെറുത്തത് കണ്ടൽക്കാടുകളാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കടൽക്ഷോഭത്തെയും തീരംകടലെടുക്കുന്നതിനെയും പ്രതിരോധിക്കാൻ കണ്ടൽക്കാടുകൾ മികച്ച മാർഗമാണെന്നതിന് തെളിവുകൾ ധാരാളമുണ്ടെന്ന് സമുദ്ര ശാസ്ത്രജ്ഞരുടെ സംഘടനയായ ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ കേരള ഘടകം ചെയർമാൻ ഡോ.കെ.വി. ജയചന്ദ്രൻ പറഞ്ഞു. ആഴത്തിൽ വേരിറങ്ങുന്ന കണ്ടൽച്ചെടികൾക്ക് മണ്ണൊലിപ്പ് തടയാനും കഴിയും. ശക്തമായി തിരയടിച്ചാലും കരയെയും മണ്ണിനെയും സംരക്ഷിക്കാൻ കണ്ടലുകൾക്ക് കഴിവുണ്ട്.

നടപ്പാക്കാൻ തയ്യാർ

കണ്ടലുകൾ നട്ടുവളർത്താൻ കഴിയുന്ന തീരപ്രദേശങ്ങൾ തിരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കണം. മത്സ്യത്തൊഴിലാളികളെയും സന്നദ്ധസംഘടനകളെയും പങ്കെടുപ്പിക്കണം. സർക്കാർ, സ്വകാര്യസ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടും വിനിയോഗിക്കാം. തീരദേശവാസികൾക്കൊപ്പം മത്സ്യ, പരിസ്ഥിതി വിഷയങ്ങളിലെ വിദ്യാർത്ഥികളെയും പങ്കാളികളാക്കാം. നടുന്ന ചെടികളുടെ പരിപാലനവും സംരക്ഷണവും തീരദേശത്ത് താമസിപ്പിക്കുന്നവർക്ക് കൈമാറണം. ആറുമാസത്തിനും ഒരുവർഷത്തിനുമിടയിൽ തീരപ്രദേശങ്ങളിൽ പുതിയ കണ്ടൽക്കാടുകൾ സൃഷ്ടിക്കാൻ കഴിയും. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാൻ സൊസൈറ്റി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

• മതിലിന് ചെലവേറെ

തീരദേശത്ത് കോൺക്രീറ്റ് ഭിത്തികൾ നിർമിച്ച് കടൽക്ഷോഭം പ്രതിരോധിക്കാനാണ് സർക്കാർ പദ്ധതി. ഇത് വൻചെലവുള്ള പദ്ധതിയാണ്. സിമന്റ്, കല്ല് തുടങ്ങിയ സാമഗ്രികൾ വൻതോതിൽ ആവശ്യമാണ്. പദ്ധതി നിർവഹിക്കാൻ വർഷങ്ങൾ വേണ്ടിവരും. ഗുണനിലവാരം ഉറപ്പാക്കിയില്ലെങ്കിൽ ഭിത്തികളുടെ ആയുസ് ഉറപ്പില്ല. അത്യാവശ്യമുള്ള പ്രദേശങ്ങളിൽ മാത്രം കടൽഭിത്തി നിർമിക്കുകയും മറ്റിടങ്ങളിൽ കണ്ടൽക്കാടുകൾ സൃഷ്ടിക്കുകയുമാണ് ഉചിതമെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു.

• രണ്ടുണ്ട് ഗുണം

കടൽകയറ്റം തടയാൻ കണ്ടൽക്കാടുകൾക്ക് കഴിയുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കാസർകോട് മുതൽ കോഴിക്കോട് വരെ തീരത്ത് കഴിഞ്ഞ പ്രളയകാലത്ത് ഇത് വ്യക്തമായി തെളിഞ്ഞു. തിരമാലകളെ തടയാൻ കണ്ടൽച്ചെടികൾക്ക് കഴിവുണ്ട്. കണ്ടൽക്കാടുകൾ നട്ടുവളർത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ നൽകാൻ കണ്ടലുകൾക്ക് കഴിയും. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നത് തീരത്തെ പരിസ്ഥിതിക്കും വളരെ ഗുണം ചെയ്യും.

ഡോ. അനന്തനാരായണൻ

മുൻ ഡയറക്ടർ

നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലാബോറട്ടറി